Tuesday, May 14, 2024
keralaNews

രക്ഷാദൗത്യത്തിന് വ്യോമസേനയും; ടീമില്‍ എവറസ്റ്റ് കീഴടക്കിയവര്‍

മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ സൈനികസംഘം എത്തും. പര്‍വതാരോഹകര്‍ ഉള്‍പെടുന്ന 11 അംഗ കരസേനാസംഘം ഊട്ടിയില്‍ നിന്ന് പുറപ്പെട്ടു. വ്യോമസേനയുടെ പാരാകമാന്‍ഡോ സംഘം ബെംഗളൂരുവില്‍ നിന്നാണ് എത്തുക.ബാംഗ്ലൂരില്‍ നിന്ന് പാരാ റെജിമെന്റല്‍ സെന്ററില്‍ നിന്നുള്ള കമാണ്ടോകള്‍ എത്തും.അവരെ വ്യോമസേനയുടെ വിമാനത്തില്‍ സുലൂരില്‍ എത്തിക്കും. അവിടെ നിന്ന് റോഡ് മാര്‍ഗം മലമ്പുഴയിലെത്തും. കരസേനയുടെ മദ്രാസ് റെജിമെന്റില്‍ നിന്നുള്ള 7 പേരടങ്ങുന്ന മറ്റൊരു യൂണിറ്റ് ഊട്ടി വെല്ലിംഗ്ടണില്‍ നിന്ന് വൈകിട്ട് 7. 30ന് മലമ്പുഴയിലേക്ക് പുറപ്പെട്ടു.
ഇന്ന് രാത്രിയോടെ യുവാവിനെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ലെങ്കില്‍ നാളെ പകല്‍ വ്യോമസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകും. എവറസ്റ്റ് കൊടുമുടി കീഴടക്കിയവര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് സംഭവസ്ഥലത്തേക്ക് തിരിക്കുന്നത്. കരസേനയുടെ ദക്ഷിണ്‍ ഭാരത് ജിഒസി അരുണിന്റെ നേത്രത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്- മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ബാബുവും സുഹൃത്തുക്കളായ 3 പേരും ചേര്‍ന്നാണു ഇന്നലെ ഉച്ചയ്ക്കു മല കയറിയത്. ഇറങ്ങുന്നതിനിടെ അവശനായ ബാബു കാല്‍ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ മരത്തിന്റെ വള്ളികളും വടിയും ഇട്ടു നല്‍കിയെങ്കിലും ബാബുവിനു മുകളിലേക്കു കയറാനായില്ല. സുഹൃത്തുക്കള്‍ മലയിറങ്ങി നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

ഇന്നലെ രാത്രി പന്ത്രണ്ടോടെ അഗ്‌നിരക്ഷാ സേനയും മലമ്പുഴ പൊലീസും ബാബുവിനു സമീപം എത്തിയെങ്കിലും വെളിച്ചക്കുറവു മൂലം രക്ഷാപ്രവര്‍ത്തനം നടത്തായില്ല. എങ്കിലും സംഘം അവിടെ ക്യാംപ് ചെയതു. വന്യമൃഗങ്ങളെ അകറ്റാന്‍ പന്തം കാത്തിച്ചുവച്ചു. വീഴ്ചയില്‍ ബാബുവിന്റെ കാല്‍ മുറിഞ്ഞിട്ടുണ്ട്. കയ്യിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ബാബു തന്നെ താന്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ എടുത്ത് സുഹൃത്തുക്കള്‍ക്കും പൊലീസിനും അയച്ചു കൊടുത്തിട്ടുണ്ട്. പ്രദേശത്ത് വന്യ മൃഗശല്യവും രൂക്ഷമാണ്. ചെറാട് നിന്നു ആറു കിലോമീറ്ററോളം അകലെയാണ് കുറുമ്പാച്ചി മല. ചെങ്കുത്തായ മല കയറുന്നത് അപകടമുണ്ടാക്കുമെന്നു വനംവകുപ്പ് മുന്നറിയിപ്പ് നല്‍കാറുണ്ട്.