Sunday, May 5, 2024
indiaNews

ഹിജാബ് പ്രശ്നം: ഹിജാബ് അനുവദിക്കാനാവില്ലെന്ന് കര്‍ണാടക… കേസ് വിശാല ബെഞ്ചിന് വിട്ടു

ബംഗലുരു: ഹിജാബ് ധരിച്ച് താല്‍ക്കാലികമായി കോളജില്‍ പ്രവേശിക്കാന്‍ അനുവദിക്കാനാവില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ ഹിജാബ് ധരിച്ച് കോളജില്‍ പ്രവേശിപ്പിക്കാന്‍ താല്‍ക്കാലിക അനുവാദം നല്‍കുന്നത് പരാതി തീര്‍പ്പാക്കുന്നതിന് തുല്യമാണന്ന് അഡ്വക്കറ്റ് ജനറല്‍ വ്യക്തമാക്കി. പ്രതിഷേധം തെരുവിലെത്തിയതോടെ ബംഗലുരുവില്‍ വിദ്യാലങ്ങള്‍ക്ക് സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചു. അടുത്ത രണ്ടാഴ്ചത്തേക്ക് സ്‌കൂളിനു സമീപം 200 മീറ്റര്‍ പരിധിയില്‍ ഒരു പ്രതിഷേധവും പാടില്ല.നിരോധനത്തില്‍ കര്‍ണാടക ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേസ് വിശാല ബെഞ്ചിന് വിട്ടു. നിരോധനത്തിനെതിരെ ഇടക്കാല ഉത്തരവ് വേണോ എന്നത് വിശാല ബെഞ്ച് തീരുമാനിക്കും. രേഖകള്‍ ചീഫ് ജസ്റ്റിസിനു കൈമാറിയെന്ന് സിംഗിള്‍ ബെഞ്ച്.

ഹിജാബ് സംബന്ധിച്ച പരാതി തെറ്റിദ്ധാരണാജനകവും സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനത്തെ ചോദ്യം ചെയ്യുന്നതുമാണെന്ന് അഡ്വക്കറ്റ് ജനറല്‍ പ്രഭുലിങ് നവദ്ഗി പറഞ്ഞു. ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിനും സ്വയംഭരണാവകാശമുണ്ട്, സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോളജ് അനുശാസിക്കുന്ന ഡ്രസ് കോഡ് ധരിച്ച് വിദ്യാര്‍ത്ഥികള്‍ കോളജില്‍ പ്രവേശിക്കണമെന്നും മതപരമായ ആചാരത്തിന്റെ അവിഭാജ്യഘടകമല്ല ഹിജാബെന്നും അദ്ദേഹം വ്യക്തമാക്കി. ഹിജാബ് മതത്തിന്റെ അവിഭാജ്യഘടകമാണോയെന്നതാണ് ചോദ്യം. ഇതൊരു സങ്കീര്‍ണമായ വിഷയമാണെന്നും എല്ലാവരും കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.എബിവിപി കാവി ഷാള്‍ വിതരണം ചെയ്ത് വിദ്യാര്‍ത്ഥികളെ പ്രകോപിതരാക്കുകയാണെന്നും ഉഡുപ്പിയില്‍ അവസാനിപ്പിക്കാവുന്ന വിഷയം സംസ്ഥാന വ്യാപകമാക്കുകയാണെന്നും മതതീവ്രവാദ സംഘടനകള്‍ ആരോപിച്ചു.

വിദ്യാലയങ്ങളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ കലാപം അഴിച്ചുവിട്ടവര്‍ക്കെതിരെ നടപടി സ്വീകരിച്ച് പോലീസ്. 15 പേരെ അറസ്റ്റ് ചെയ്തു. പ്രതിഷേധത്തിന്റെ മറവില്‍ വ്യാപകമായി അക്രമം അഴിച്ചുവിട്ടവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. ശിവമോഗ, ബഗല്‍കോട്ട് എന്നീ ജില്ലകളില്‍ ഹിജാബിന്റെ പേരില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധം വലിയ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ജില്ലകളില്‍ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരാണ് അറസ്റ്റിലായത്. ഹിജാബിന്റെ പേരില്‍ സംസ്ഥാനത്ത് വര്‍ഗ്ഗീയ കലാപത്തിന് ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. നിലവില്‍ ഒരു ചെറിയ വിഭാഗം ആളുകള്‍ മാത്രമാണ് സ്‌കൂളുകളില്‍ ഹിജാബ് ധരിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുള്ളത്. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ചിലരുടെ ഇടപെടല്‍ ഇത് വിഫലമാക്കുന്നുവെന്നും ബിസി നാഗേഷ് പറഞ്ഞു.