Friday, April 26, 2024
keralaNews

ബാബുവിനെ രക്ഷിച്ച ഇന്ത്യന്‍ സൈന്യത്തെ ആദരിച്ചും ഭാരത് മാതാ കീ ജയ് വിളിച്ച് ആഹ്ലാദപ്രകടനം

പാലക്കാട് : ചേറാട് മലയില്‍ കുടുങ്ങിക്കിടന്ന ബാബുവിനെ മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിലൂടെ രക്ഷപ്പെടുത്തിയ ഇന്ത്യന്‍ സൈന്യത്തെ ആദരിച്ച് നാട്ടുകാര്‍. മലമ്പുഴ സ്വദേശികളായ ജനങ്ങളാണ് കരസേന ഉദ്യോഗസ്ഥരെ പൊന്നാടയണിയിച്ച് ആദരിച്ചത്. ഇവരെ പൂമാല അണിയിക്കുകയും കുറിതൊട്ട് കൊടുക്കുകയും ചെയ്തു.

നാട്ടുകാര്‍ ഒത്തുചേര്‍ന്ന് സൈനികരോടൊപ്പം ഭാരത് മാതാ കീ ജയ് വിളിച്ചു. ആഹ്ലാദപ്രകടനത്തിനിടെ വന്ദേ മാതരം വിളികളും ഉയര്‍ന്നു. രണ്ട് രാത്രികളും ഒരു പകലും നീണ്ട പരിശ്രമങ്ങള്‍ ഫലം കാണാതെ വന്നപ്പോള്‍ കേവലം മൂന്ന് മണിക്കൂര്‍ കൊണ്ടാണ് മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ സൈന്യമെത്തി സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്. ചെങ്കുത്തായ മലനിരകളിലൂടെ നീങ്ങിയിറങ്ങിയ സൈനികര്‍ ബാബുവിനെ രക്ഷപ്പെട്ടുത്തി. തുടര്‍ന്ന് ഭക്ഷണവും വെള്ളവും നല്‍കിയ ശേഷം മുകളില്‍ എത്തിച്ചു. പിന്നീട് എയര്‍ലിഫ്റ്റ് ചെയ്ത് യുവാവിനെ സുരക്ഷിതമായി ആശുപത്രിയിലും എത്തിച്ചു.


കേരളത്തിലെ ജനങ്ങള്‍ പ്രതീക്ഷയോടെ കാത്തിരുന്ന നിമിഷങ്ങളായിരുന്നു അത്. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടിരുന്ന യുവാവിന്റെ അടുത്തേക്കാണ് സൈന്യം ആത്മവിശ്വാസം പകര്‍ന്നുകൊണ്ട് എത്തിയത്. കേരളം തളര്‍ന്നിരിക്കുമ്പോള്‍ എല്ലായ്പ്പോഴും രക്ഷകരായെത്തുന്ന സൈനികര്‍ക്ക് ജനങ്ങള്‍ നന്ദിയറിയിച്ചു.