Friday, May 3, 2024
indiaNewspolitics

ഹിംസാത്മക പ്രവര്‍ത്തനങ്ങളാണ് മണിപ്പൂരില്‍ നടന്നത് : പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 77ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി . മഹാത്മാ ഗാന്ധിയുടെ സ്മൃതി മണ്ഡപമായ രാജ്ഘട്ടില്‍ എത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരുന്നു അദ്ദേഹം സ്വാതന്ത്ര്യ ദിന ആഘോഷ ചടങ്ങുകള്‍ക്കായി എത്തിയത്.                                                                     ചെങ്കോട്ടയില്‍ എത്തിയ പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്, സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. പ്രിയപ്പെട്ട കുടുംബത്തിലെ 140 കോടി അംഗങ്ങള്‍ എന്ന് ഭാരതീയരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം ആരംഭിച്ചത്. രാജ്ഗുരു, ഭഗത് സിംഗ്, സുഖ്ദേവ് തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികളെ അദ്ദേഹം സ്മരിച്ചു. അവരുടെ ബലിദാനവും സഹനവുമാണ് രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അരബിന്ദ ഘോഷ്, ദയാനന്ദ സരസ്വതി എന്നിവരെയും അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു.രാജ്യം മണിപ്പൂരിനൊപ്പമാണെന്ന് പ്രധാമന്ത്രി പറഞ്ഞു. മണിപ്പൂരില്‍ നടന്നത് ഹിംസാത്മക പ്രവര്‍ത്തനങ്ങളാണ്. സ്ത്രീകള്‍ അടക്കമുള്ളവര്‍ ദുരവസ്ഥനേരിട്ടു. മണിപ്പൂരില്‍ സമാധാനം പുലരണം. ഇതിനുള്ള ശ്രമത്തിലാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെന്നും ചെങ്കോട്ട പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. 140 കോടി അംഗങ്ങളുള്ള കുടുംബം ഇന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്.                                                                                                                          ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ജനസംഖ്യയുടെ കാര്യത്തിലും ഇന്ന് ഒന്നാമതാണ്. രാജ്യം ഇന്ന് ലോകത്തിലെ മറ്റുരാജ്യങ്ങള്‍ക്കൊപ്പം മുന്നേറുകയാണ്. ഇതിന് പിന്നില്‍ നമ്മുടെ രാജ്യത്തെ ജനങ്ങളുടെ പരിശ്രമമാണ്. വികസിത ഇന്ത്യയില്‍ ലോകം പ്രതീക്ഷ അര്‍പ്പിക്കുന്നു. രാഷ്ട്രം നഷ്ടപ്പെട്ട പ്രതാപം തീര്‍ച്ചയായും വീണ്ടെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്ത് നടക്കുന്ന സാങ്കേതിക വിപ്ലവത്തില്‍ ഭാരതത്തിന്റെ സംഭാവന നിര്‍ണായകമാണ്. കയറ്റുമതിയിലും രാജ്യം നിര്‍ണായക നേട്ടം കൈവരിച്ചു. കര്‍ഷകരും യുവജനങ്ങളും രാജ്യത്തിന്റെ പുരോഗതിയില്‍ പ്രധാന ഘടകങ്ങളാണ്. മികച്ച കായിക താരങ്ങള്‍ വളര്‍ന്നുവരുന്നു. ജനാധിപത്യമാണ് രാജ്യത്തിന്റെ ശക്തി. സാങ്കേതിക മേഖലയില്‍ ഇന്ത്യ ഇന്ന് നിര്‍ണായക ശക്തിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ കഴിവും സാദ്ധ്യതകളും വിശ്വാസത്തിന്റെ പുതിയ ഉയരങ്ങള്‍ കടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി20 ഉച്ചകോടിയിലൂടെ രാജ്യത്തെ സാധാരണക്കാരുടെ കഴിവുകളെയും ഇന്ത്യയുടെ വൈവിധ്യത്തെയും കുറിച്ച് ലോകത്തെ അറിയിക്കാനായെന്നും അദ്ദേഹം പറഞ്ഞു.                                                                                                 പരിഷ്‌കരണം, പ്രകടനം, പരിവര്‍ത്തനം  ഇവ മൂന്നും രാജ്യത്തെ മാറ്റിമറിക്കും. ജനസംഖ്യാശാസ്ത്രം, ജനാധിപത്യം, വൈവിധ്യം എന്നീ ത്രിതത്വങ്ങള്‍ക്ക് രാജ്യത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ശക്തിയുണ്ട്. ലോകത്തെ മാറ്റിമറിച്ച കൊറോണ മഹാമാരിക്ക് ശേഷം ഒരു പുതിയ ലോകക്രമം രൂപപ്പെടുകയാണ്, ഒപ്പം പുത്തന്‍ ഭൂരാഷ്ട്ര തന്ത്രവും. പുതിയ ലോകം രൂപപ്പെടുത്തുന്നതില്‍ 140 കോടി ജനങ്ങളുടെ കഴിവ് കാണാം. രാജ്യത്ത് അവസരങ്ങള്‍ക്ക് ക്ഷാമമില്ലെന്നും അനന്തമായ അവസരങ്ങള്‍ നല്‍കാന്‍ രാജ്യത്തിന് കഴിവുണ്ടെന്നും യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്നും യുവജനങ്ങളാണ് രാജ്യത്തിന്റെ ശക്തിയെന്നും പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പറഞ്ഞു.മുന്നോട്ടുള്ള 1000 വര്‍ഷങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത് കാരണം രാജ്യത്തിന് മാറ്റങ്ങള്‍ സൃഷ്ടിക്കാനും പുത്തന്‍ രാജ്യത്തെ കെട്ടിപ്പടുത്താനും ഒരിക്കല്‍ കൂടി അവസരമുണ്ട്.                                ഈ കാലഘട്ടത്തില്‍ നാം ചെയ്യുന്നതെന്തും, നാം സ്വീകരിക്കുന്ന നടപടികളും, എടുക്കുന്ന തീരുമാനങ്ങളും ഒന്നിനുപുറകെ ഒന്നായി രാജ്യത്തിന്റെ സുവര്‍ണ ചരിത്രം സൃഷ്ടിക്കും. ഇന്ന് എന്താണോ ചെയ്യുന്നത് അതാകും വരുന്ന ആയിരം വര്‍ഷത്തെ വികസനം. അത്രമാത്രം മുന്നോട്ട് ചിന്തിച്ചാല്‍ മാത്രമാണ് ആഗോളതലത്തില്‍ പുരോഗതി കൈവരിക്കാന്‍ കഴിയൂ. 2014-ല്‍ അധികാരത്തില്‍ വരുമ്പോള്‍ ആഗോള സാമ്പത്തിക വ്യവസ്ഥയില്‍ പത്താം സ്ഥാനത്തായിരുന്നു ഇന്ത്യ. 140 കോടി ഇന്ത്യക്കാരുടെ പ്രയത്‌നത്താല്‍ ഇന്ന് അഞ്ചാം സ്ഥാനത്തെത്തി. അഴിമതിയില്‍ മുങ്ങിത്താണ ഭാരതത്തെ തിരിച്ചുപിടിച്ചതാണ് സമ്പദ് വ്യവസ്ഥയിലുണ്ടായ ഈ കുതിപ്പിന് കാരണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.കൊറോണയില്‍ നിന്ന് ലോകം കരകയറിയിട്ടില്ല.ഇത് പണപ്പെരുപ്പമെന്ന ബൃഹത്തായ പ്രതിസന്ധിക്ക് കാരണമായി.                                                                                               പണപ്പെരുപ്പം ആഗോള സമ്പദ്വ്യവസ്ഥയെ മുഴുവന്‍ പിടിയിലാക്കിയിരിക്കുന്നു. ഇത് നിര്‍ഭാഗ്യകരമാണ്. നമ്മുടെ ആവശ്യത്തിന് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ പണപ്പെരുപ്പവും നാം ഇറക്കുമതി ചെയ്യുന്നു. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഇന്ത്യ എല്ലാ ശ്രമങ്ങളും നടത്തിയതിന്റെ ഭാഗമായി മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഭാരതം മെച്ചപ്പെട്ട നിലയിലാണ്. എന്നിരുന്നാലും പണപ്പെരുപ്പത്തിന്റെ ഭാരം കുറയ്ക്കാനായി കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. അതിനായി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ തുടരും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.