Monday, April 29, 2024
keralaNews

ചാലക്കുടി വനമേഖലയില്‍ തുമ്പിക്കൈയില്ലാത്ത കുട്ടിയാന

തൃശുര്‍: ചാലക്കുടിയില്‍ വനമേഖലയില്‍ തുമ്പിക്കൈയില്ലാത്ത കുട്ടിയാന. വായയുടെ താഴ്ഭാഗം മുതല്‍ തുമ്പിക്കൈയില്ലാത്ത കുട്ടിയാനയെ വിനോദ സഞ്ചാരികളും പ്ലാന്റേഷന്‍ തൊഴിലാളികളും പലതവണ കണ്ടിരുന്നു. എന്നാല്‍ വനപാലകര്‍ക്ക് കാണാനായത് ഒരുവട്ടം മാത്രമാണ്.മാസങ്ങളായി ഏഴാറ്റുമുഖം വനമേഖലയില്‍ നൊമ്പരക്കാഴ്ചയാകുന്ന അപൂര്‍വ ആനക്കുട്ടിയെ നിരീക്ഷിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും കുട്ടിയാനായ കണ്ടെത്താന്‍ കഴിഞ്ഞില്ല.        കഴിഞ്ഞ ദിവസമാണ് തൃശൂരിലെ ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. കെ.ജി. അശോകന്‍ ഏഴാറ്റുമുഖത്ത് എത്തിയത്. അദ്ദേഹത്തിന്റെ രണ്ടാം വരവായിരുന്നു ഇത്. വാച്ചര്‍മാരുടെ സഹായത്തോടെ ഏറെനേരം പ്ലാന്റേഷന്‍ കാടുകളിലും ചെക്ക് പോസ്റ്റ് പരിസരത്തും പുലിപ്പാലത്തിനടുത്തും ഏറെനേരം നിരീക്ഷിച്ചെങ്കിലും കണ്ടെത്താനായില്ല. സാധാരണ അമ്മയോടൊപ്പം പ്രത്യക്ഷപ്പെടാറുള്ള കുട്ടിയാനയെ ഇന്നലെ മാത്രം കാണാനായില്ല. പലപ്പോഴും ആനക്കൂട്ടത്തോടൊപ്പം അമ്മയും കുഞ്ഞും നില്‍ക്കുന്നതിനാല്‍ ആനകുട്ടിയെ പിടികൂടുക എളുപ്പമല്ലെന്ന് ഡോ. അശോകന്‍ വ്യക്തമാക്കി. ഇതേതുടര്‍ന്ന് അമ്മയും കുട്ടിയും മാത്രമുള്ള സമയത്ത് ഇതിനെ നിരീക്ഷിക്കാനാണ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. എന്തായാലും വീണ്ടും ഇതിനെ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമം തുടരും. ഇതിനായി ക്യാമറ സ്ഥാപിക്കണമെന്നാണ് ഇപ്പോഴത്തെ തീരുമാനം.