Thursday, May 2, 2024
keralaNewspolitics

മാസപ്പടി വിവാദം പുതുപ്പള്ളിയില്‍ ചര്‍ച്ച ചെയ്യും : കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കരിമണല്‍ വ്യവസായിയില്‍ നിന്ന് 96 കോടി മാസപ്പടി വാങ്ങിയ സംഭവത്തില്‍ ചോദ്യങ്ങളെ നേരിടാന്‍ പോലും സിപിഎം സംസ്ഥാന സെക്രട്ടറിയ്ക്ക് സാധിക്കാത്ത സാഹചര്യം വന്നിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയും മകളും – യുഡിഎഫ് നേതാക്കളുമടക്കം വ്യവസായിയില്‍ നിന്നും മാസപ്പടിയായി വാങ്ങിയത് 96 കോടി രൂപയാണ്. സംഭവവുമായി ബന്ധപ്പെട്ട് കേരളത്തിലെ ഒരു അന്വേഷണ ഏജന്‍സികളും ഇവരെ വിളിച്ച് ചോദ്യം ചെയ്യാന്‍ തയ്യാറായില്ല എന്നത് സംസ്ഥാനത്തെ നിയമവാഴ്ച പൂര്‍ണ്ണമായും തകര്‍ന്നു എന്നതിന്റെ തെളിവാണ്.  പല വ്യവസായികളെയും സമ്മര്‍ദ്ദം ചെലുത്തി പണം വാങ്ങുന്നതായി കേട്ടിട്ടുണ്ടെങ്കിലും കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് മുഖ്യമന്ത്രിയും കുടുംബവും ഇങ്ങനെ പണം തട്ടുന്നത്.പുതുപ്പള്ളിയില്‍ യുഡിഎഫും സിപിഎമ്മും ഇത് ചര്‍ച്ചയാക്കാന്‍ പോകുന്നില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പിതാവിന്റെ പേരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. യുഡിഎഫിന്റെ നേതാക്കളും മാസപ്പടി വാങ്ങിയതായി തെളിഞ്ഞു. അതിനാലാണ് നിയമസഭയില്‍ ഇത് ചര്‍ച്ചയാക്കാതെ യുഡിഎഫ് തടിതപ്പിയത്. നിയമസഭയില്‍ ഉന്നയിച്ചില്ലെങ്കിലും നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ മാസപ്പടി വിവാദം ചര്‍ച്ച ചെയ്യണമെന്നതാണ് ബിജെപിയുടെ തീരുമാനം. എല്ലാ മാസവും വീണയ്ക്കും അവരുടെ കമ്പനിയിലേയ്ക്കും പണം മാസപ്പടിയായി ലഭിക്കുന്നു. വ്യവസായം നടത്താന്‍ തടസ്സം വരാതെ ഇരിക്കാനാണ് പണം നല്‍കിയെന്നാണ് വ്യവസായി വെളിപ്പെടുത്തിയിരിക്കുന്നത്. അതായത് കൈക്കൂലിയെന്ന് സാരം. വലിയ അഴിമതിയും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളുമാണ് നടക്കുന്നത്. മാസപ്പടിക്കാരുടെ സമ്മേളനമാണ് പുതുപ്പള്ളിക്കാരുടെ മുന്നില്‍ നടക്കുന്നത്. വളരെ ലജ്ജാകരമാണ്. ഭരണകക്ഷിയും പ്രതിപക്ഷവും ഒരേപോലെ അഴിമതി നടത്തുകയാണ്. രണ്ട് പേര്‍ക്കും മിണ്ടാന്‍ പറ്റുന്നില്ല. കേരളത്തിലെ എല്ലാ അഴിമതികളും ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചാണ് നടത്തുന്നത്. ഇവരുടെ അഴിമതിയും ഒത്തുതീര്‍പ്പ് രാഷ്ട്രീയവുമാണ് പുതുപ്പള്ളി തിരഞ്ഞെടുപ്പില്‍ ബിജെപി പ്രധാനമായും ചര്‍ച്ച ചെയ്യുക. കേരളത്തിലെ അന്വേഷണ ഏജന്‍സികള്‍ മാസപ്പടി വിവാദത്തില്‍ അന്വേഷണം നടത്താത്ത സാഹചര്യമാണെങ്കില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ബിജെപി സമീപിക്കും. ഇത് ശരിക്കും കേരളത്തിലെ അന്വേഷണ ഏജന്‍സികളാണ് അന്വേഷിക്കേണ്ടത്. അഴിമതി നിരോധന നിയമത്തിന് കീഴില്‍ വരുന്നതാണ് മാസപ്പടി വിവാദം കെ.സുരേന്ദ്രന്‍ പറഞ്ഞു.