Friday, April 26, 2024
keralaNewspolitics

പൊലീസുകാരെ അസഭ്യം പറഞ്ഞതിന് കൊടിക്കുന്നില്‍ സുരേഷിനെതിരെ കേസ്

ആലപ്പുഴ: കെ. റെയില്‍ പ്രതിഷേധത്തിനിടെ പോലീസു ഉദ്യോസ്ഥനെ അസഭ്യം പറഞ്ഞതിനും ജോലി തടസ്സപ്പെടുത്തിയതിനും കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് എതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ അടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ചെങ്ങന്നൂര്‍ മുളക്കുഴയില്‍ ഇന്നലെ ആയിരുന്നു സംഭവം. കഴിഞ്ഞ കുറച്ച് ദിവസമായി സില്‍വര്‍ ലൈന്‍ പദ്ധതിക്കായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇവിടെ സര്‍വ്വേ നടക്കുകയാണ്. ഇതിനെതിരെ പ്രദേശവാസികള്‍ ശക്തമായ   പ്രതിഷേധവുമായി രംഗത്തുണ്ട്.

പോലീസ് പ്രതിഷേധക്കാരെ ക്രൂരമായി നേരിട്ടപ്പോള്‍ നാടന്‍ ഭാഷയില്‍’ സംസാരിക്കേണ്ടി വന്നുവെന്നാണ് സംഭവത്തെക്കുറിച്ചുള്ള എംപിയുടെ വിശദീകരണം. അതേസമയം കെ റെയില്‍ കല്ലിടലിനെതിരെ തുടര്‍ച്ചയായ മൂന്നാം ദിവസവും മുളക്കുഴ മേഖലയില്‍ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സര്‍വ്വേ കല്ലിടുന്നത് തടഞ്ഞു. ഇതേ തുടര്‍ന്ന് പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. ബിജെപി പ്രവര്‍ത്തകരെ പിന്നീട് പൊലീസ് നീക്കി.