Thursday, May 2, 2024
educationkeralaNewspolitics

സ്‌കോളര്‍ഷിപ്പ് വിതരണത്തിലെ ക്രമക്കേടില്‍ സര്‍ക്കാരിനെതിരെ ആരോപണവുമായി വിദ്യാര്‍ത്ഥിനി

സംസ്ഥാനസര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി വിദ്യാര്‍ത്ഥിനി രംഗത്ത് .പിന്നോക്ക് വികസന വകുപ്പ് നല്‍കുന്ന ഒ.ബി.സി ഓവര്‍സീസ് സ്‌കോളര്‍ഷിപ്പില്‍ ഗുരുതര ക്രമക്കേട് നടന്നയാതാണ് ആരോപണം.യുകെയിലെ സസെക്സ് സര്‍വ്വകലാശാലയിലെ എംഎ സോഷ്യല്‍ ആന്ത്രോപോളജി വിഭാഗം വിദ്യാര്‍ത്ഥിനി ഹഫീഷ ടി ബി യാണ് ആരോപണം ഉന്നയിച്ചത്. സമൂഹമാദ്ധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് വിദ്യാര്‍ത്ഥിനി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചല്ല സ്‌കോളര്‍ഷിപ്പ് വിതരണം നടന്നതെന്ന് വിദ്യാര്‍ത്ഥിനി ആരോപിച്ചു. മാര്‍ക്കും അക്കാദമിക് ഹിസ്റ്ററിയും പരിഗണിക്കാതെ കുടിയേറ്റം ലക്ഷ്യം വെച്ച് പഠിക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കിയതെന്ന് വിദ്യാര്‍ത്ഥിനി കൂട്ടിച്ചേര്‍ത്തു.സ്‌കോളര്‍ഷിപ്പ് മെറിറ്റ് മാനദണ്ഡത്തെ കുറിച്ചറിയാന്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയില്‍ മറുപടി ലഭിച്ചത് രണ്ട് മാസത്തിന് ശേഷമാണെന്ന് വിദ്യാര്‍ത്ഥിനി വീഡിയോയിലൂടെ വെളിപ്പെടുത്തി.പാര്‍ട്ട് ടൈം ആയി കെയര്‍ ടേക്കര്‍ ജോലി ചെയ്താണ് വിദേശത്ത് കഴിയുന്നതെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു.ആധാരം പണയം വെച്ചാണ് വിദേശത്ത് പഠിക്കാന്‍ എത്തിയത്. ആത്മഹത്യയുടെ വക്കിലാണ് താനെന്നും വിദ്യാര്‍ത്ഥിനി വ്യക്തമാക്കി. എന്നാല്‍ അതേസമയം വിദ്യാര്‍ത്ഥിനി ഉയര്‍ത്തിയ ഗുരുതര ആരോപണത്തില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഇതു വരെ യാതൊരു പ്രതികരണവും വരാത്തത് ആളുകള്‍ക്കിടയില്‍ കടുത്ത രോക്ഷത്തിന് കാരണമാകുന്നുണ്ട്.