Thursday, May 2, 2024
keralaNewspolitics

സ്വപ്നയുടെ ആരോപണത്തില്‍ വിഡിയോ പുറത്തുവിട്ട് മുഖ്യമന്ത്രിയുടെ മറുപടി.

മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമെന്ന സ്വപ്നയുടെ ആരോപണത്തില്‍ മുന്‍പ് മുഖ്യമന്ത്രി പറഞ്ഞ മറുപടി വിഡിയോ പുറത്തുവിട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. സ്വപ്ന സുരേഷുമായുള്ള പരിചയമെങ്ങനയെന്ന് മുഖ്യമന്ത്രി വിശദീകരിക്കുന്ന വീഡിയോയാണ് ഓഫീസ് പിആര്‍ഒ മാധ്യമപ്രവര്‍ത്തകരുടെ ഗ്രൂപ്പില്‍ പങ്കുവെച്ചത്.സ്വപ്ന ക്ലിഫ് ഹൗസില്‍ ഔദ്യോഗിക കാര്യത്തിന് എത്തിയിട്ടുണ്ട്. ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ പറയുന്ന വിഡിയോ ആണ് പുറത്തുവിട്ടത്.2020 ഒക്ടോബര്‍ 13ന് നടന്ന വാര്‍ത്താസമ്മേളനത്തിന്റെ വിഡിയോ ആണ് പുറത്തുവിട്ടത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും തന്നെ അറിയാമെന്നും ക്ലിഫ് ഹൗസില്‍ ചര്‍ച്ച ചെയ്ത് പലതും നടപ്പിലാക്കിയിട്ടുണ്ടെന്നും ഓര്‍മയില്ലെങ്കില്‍ കോടതി വഴി ഓര്‍മിപ്പിക്കാമെന്നുമായിരുന്നു ഇന്നലെ സ്വപ്ന സുരേഷിന്റെ വെല്ലുവിളി. ഇതിനുള്ള മറുപടി എന്ന നിലിയിലാണ് മുഖ്യമന്ത്രി മുമ്പ് പറഞ്ഞ മറുപടി ഓഫീസ് പങ്കുവെച്ചത്.

കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയിലാണ് അവര്‍ അന്നു വന്നതെന്നും ആ നിലയ്ക്കാണ് അവരെ പരിചയമെന്നു നേരത്തെ പറഞ്ഞിട്ടുണ്ടെന്നുമാണ് 2020 ഒക്ടോബര്‍ 13നു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറയുന്നത്. കോണ്‍സുലേറ്റ് ജനറല്‍ വരുന്ന സമയത്തൊക്കെ ഇവര്‍ ഉണ്ടാകുമെന്നത് വസ്തുതയാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി നല്‍കുന്നത് വിഡിയോയിലുണ്ട്.