Saturday, May 4, 2024
indiaNewsworld

ആഫ്രിക്കയില്‍ നിന്നും ചീറ്റപ്പുലികള്‍ ഇന്ത്യയിലേക്ക്

ദില്ലി: ആഫ്രിക്കയില്‍ നിന്നും ചീറ്റപ്പുലികള്‍ ഇന്ന് ഇന്ത്യയിലേക്ക് എത്തുകയാണ്. ടെറ ഏവിയ എന്ന മൊള്‍ഡോവന്‍ എയര്‍ലൈന്‍സിന്റെ പ്രത്യേകം സജ്ജമാക്കിയ ബോയിംഗ് 747 വിമാനത്തിലാണ് ചീറ്റകള്‍ ഇന്ത്യയിലെത്തുക. ഗ്വാളിയോര്‍ എയര്‍പ്പോര്‍ട്ടിലാണ് വിമാനമിറങ്ങുക. അവിടെ നിന്ന് വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്റുകളിലായിരിക്കും കൂനോ നാഷണല്‍ പാര്‍ക്കിലേക്കുള്ള യാത്ര. അഞ്ച് പെണ്ണും മൂന്ന് ആണുമായി അവര്‍ എട്ടുപേരുണ്ട്. രണ്ട് വയസ് മുതല്‍ ആറ് വയസ് വരെ പ്രായമുള്ളവര്‍. പരിചിതമായ ആഫ്രിക്കന്‍ പുല്‍മേടുകളെ വിട്ട് ഇന്ത്യയിലേക്ക് വരികയാണ്. ആണ്‍ ചീറ്റകളില്‍ രണ്ട് പേര്‍ സഹോദരങ്ങളാണ്. ഒത്ജിവരോംഗോ റിസര്‍വില്‍ നിന്നാണ് ഇവരെ പിടിച്ചത്. ഒറ്റ പ്രസവത്തില്‍ ജനിക്കുന്ന ആണ്‍ ചീറ്റകള്‍ ജീവിതകാലം മുഴുവന്‍ ഒരുമിച്ച് ജീവിക്കും.അതാണ് സഹോദരങ്ങളെ ഒരുമിച്ച് അയക്കാന്‍ കാരണം. മൂന്നാമത്തെ ആണ്‍ ചീറ്റ എരിണ്ടി റിസര്‍വില്‍ നിന്നാണ്. പ്രായം നാല് വയസ്. ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ട് തെക്ക് കിഴക്കന്‍ നമീബിയയില്‍ നിന്ന് രക്ഷിച്ചെടുത്തതാണ് സംഘത്തിലെ ആദ്യ പെണ്‍ ചീറ്റയെ.അമ്മ മരിച്ച കാട്ടുതീയില്‍ നിന്ന് രക്ഷപ്പെട്ട ഈ ചീറ്റ 2020 സെപ്റ്റംബര്‍ മുതല്‍ സിസിഎഫിന്റെ പ്രത്യേക സംരക്ഷണ കേന്ദ്രത്തിലായിരുന്നു.  ഒരു നമീബിയന്‍ വ്യാപാരിയുടെ സ്വകാര്യ ഭൂമിയില്‍ നിന്ന് 2022 ജൂലൈയില്‍ പിടിച്ചതാണ് രണ്ടാമത്തെ പെണ്‍ ചീറ്റയെ. മൂന്നാമത്തെ പെണ്‍ ചീറ്റ എരിണ്ടി റിസര്‍വില്‍ നിന്നാണ്. നാലാം ചീറ്റയെ 2017-ല്‍ ഒരു കൃഷിയിടത്ത് നിന്നും അവശനിലയില്‍ കണ്ടെത്തിയതാണ്. അതിന് ശേഷം സിസിഎഫ് സംരക്ഷണത്തിലായിരുന്നു.2019 ഫെബ്രുവരിയില്‍ വടക്ക് പടിഞ്ഞാറന്‍ നമീബിയയില്‍ നിന്ന് പിടിച്ചതാണ് സംഘത്തിലെ അവസാനത്തെ ചീറ്റയെ. എട്ട് പേരെയും ആവശ്യമായ കുത്തിവയ്പ്പുകളും പരിശോധനയും കഴിഞ്ഞ ശേഷം മയക്കി കിടത്തിയാണ് വിമാനത്തില്‍ കൊണ്ടുവരുന്നത്. തുടര്‍ന്നുള്ള നിരീക്ഷണത്തിനായി പ്രത്യേക ട്രാക്കിംഗ് ഉപകരണങ്ങളും ശരീരത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. മരം കൊണ്ടുണ്ടാക്കിയ പ്രത്യേക കൂടുകളിലാണ് വിമാനത്തിലെ യാത്ര.ഡോക്ടര്‍മാരടക്കം വിദഗ്ധ സംഘം കൂടെ തന്നെയുണ്ട്. കൂനോയിലെത്തിച്ച് കഴിഞ്ഞാല്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ക്വാറന്റീന്‍ ഏരിയയിലാണ് ആദ്യം ചീറ്റകളെ തുറന്ന് വിടുക. മുപ്പത് ദിവസം ഈ പ്രത്യേക സംവിധാനത്തില്‍ കഴിഞ്ഞ ശേഷമാണ് കൂനോയിലെ പുല്‍മേടുകളിലേക്ക് ഇവയെ സൈ്വര്യ വിഹാരത്തിനായി വിടുക. അതിന് ശേഷം ഓരോ ചീറ്റയെയും നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.600ഹെക്ടര്‍ പ്രദേശമാണ് ചീറ്റകള്‍ക്കായി പ്രത്യേകം സജ്ജമാക്കിയിരിക്കുന്നത്. രാജ്യത്തെ വിവിധ നാഷണല്‍ പാര്‍ക്കുകളിലായി 50 ചീറ്റകളെ എത്തിക്കാനാണ് സര്‍ക്കാര്‍ പദ്ധതി ഇതിന്റെ തുടക്കമാണ് കൂനൂവിലേക്കുള്ള വരവ്. ദക്ഷിണാഫ്രിക്കയില്‍ നിന്നും നമീബിയയില്‍ നിന്നുമാണ് ചീറ്റകളെ എത്തിക്കുന്നത്.