Thursday, May 2, 2024
keralaNews

മരിച്ചെന്നു പറഞ്ഞ് ഒരു പെന്‍ഷന്‍ റദ്ദാക്കി; വീണ്ടും അപേക്ഷിച്ചപ്പോള്‍ ഇരട്ട പെന്‍ഷന്‍ വീണ്ടും കുരുക്ക്

മരിച്ചെന്നു പറഞ്ഞ് ഒരു പെന്‍ഷന്‍ റദ്ദാക്കി; വീണ്ടും അപേക്ഷിച്ചപ്പോള്‍ ഇരട്ട പെന്‍ഷന്‍ എന്ന കാരണം പറഞ്ഞു വീണ്ടും കുരുക്ക്. ഉദയനാപുരം ഇത്തിപ്പുഴ പെരിങ്ങാത്തറ വീട്ടില്‍ സുധ(64)യുടെ അവിവാഹിത പെന്‍ഷനാണ് മരിച്ചതായുള്ള രേഖയെത്തുടര്‍ന്ന് പഞ്ചായത്ത് റദ്ദാക്കിയത്. വീണ്ടും അപേക്ഷിച്ചപ്പോള്‍ കയര്‍ത്തൊഴിലാളി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് അവിവാഹിത പെന്‍ഷന്‍ ലഭിക്കില്ലെന്നു പറഞ്ഞ് മടക്കിയയച്ചതായും ഇവര്‍ പരാതിപ്പെടുന്നു.2018 മാര്‍ച്ച് വരെ അവിവാഹിത പെന്‍ഷന്‍ ലഭിച്ചിരുന്നു. പെന്‍ഷന്‍ ലഭിക്കാതായതോടെ പഞ്ചായത്തില്‍ അന്വേഷിച്ചെങ്കിലും രേഖകളില്‍ മരിച്ചതായാണു കാണുന്നതെന്നും പുതിയ അപേക്ഷ നല്‍കാനും ആവശ്യപ്പെട്ടു. പുതിയ അപേക്ഷ നല്‍കി മാസങ്ങള്‍ക്കു ശേഷം അന്വേഷിച്ചപ്പോള്‍ മറ്റു പെന്‍ഷന്‍ വാങ്ങുന്നതിനാല്‍ അവിവാഹിത പെന്‍ഷന്‍ ഇനി നല്‍കില്ലെന്ന മറുപടിയാണു ലഭിച്ചത്. തുടര്‍ന്നു നിയമോപദേശം തേടിയപ്പോള്‍ പെന്‍ഷന് അര്‍ഹതയുണ്ടെന്നാണു ലഭിച്ച വിവരമെന്നും സുധ പറയുന്നു.

1000 രൂപ അവിവാഹിത പെന്‍ഷന്‍ നല്‍കിയിരുന്നു. 2017ല്‍ ആധാര്‍ ലിങ്ക് ചെയ്തപ്പോള്‍ കയര്‍ത്തൊഴിലാളി പെന്‍ഷന്‍ ലഭിക്കുന്നതായി അറിഞ്ഞതോടെ അവിവാഹിത പെന്‍ഷന്‍ 600 രൂപയാക്കി കുറച്ചു. പിന്നീട് 2018 മേയ് 28ന് സുധ മരിച്ചതായും തുടര്‍ന്ന് അവിവാഹിത പെന്‍ഷന്‍ റദ്ദ് ചെയ്തതായുമാണ് കംപ്യൂട്ടര്‍ രേഖയിലുള്ളത്. ഫയലുകള്‍ പരിശോധിച്ച് അര്‍ഹതപ്പെട്ട പെന്‍ഷന്‍ തുക നല്‍കുന്നതിനു നടപടി സ്വീകരിക്കുമെന്ന് ഉദയനാപുരം പഞ്ചായത്ത് സെക്രട്ടറി ടി.രതി അറിയിച്ചു.