Saturday, May 4, 2024
keralaNewspolitics

സില്‍വര്‍ ലൈനിനെതിരെ പ്രതിഷേധം; പിന്മാറാതെ പിണറായി വിജയന്‍

കൊച്ചി : സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ സില്‍വര്‍ ലൈനിനെതിരെ ജനങ്ങള്‍ പ്രതിഷേധം ശക്തമാകുന്നു. അതിനിടെ സര്‍ക്കാര്‍ വാദങ്ങളുടേയും കെറെയില്‍ നടത്തിയ പഠനങ്ങളുടെയും ആധികാരികതയെ തന്നെ ചോദ്യം ചെയ്തുകൊണ്ട് ആളുകള്‍ രംഗത്തെത്തുന്നുണ്ട്. ഏറ്റെടുക്കുന്ന ഭൂമിയുടെ കണക്ക് മുതല്‍ കെറെയില്‍ കയറുന്ന യാത്രക്കാരുടെ എണ്ണത്തില്‍ വരെ വൈരുദ്ധ്യങ്ങള്‍ ഉണ്ട്.

ഇന്നലെ നടന്ന യോഗത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണത്തിലും പൊരുത്തക്കേട് സംഭവിച്ചിട്ടുണ്ട്. റെയില്‍വേയില്‍ 30 മീറ്റര്‍ ബഫര്‍ സേഫ് ആണെന്നും സില്‍വര്‍ ലൈനില്‍ അഞ്ച് മീറ്റര്‍ മാത്രമാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഇത് വസ്തുതാ വിരുദ്ധമാണെന്ന് കെ റെയില്‍ അധികൃതര്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ പറയുന്നു.

ഡബിള്‍ ലൈന്‍ പദ്ധതിയുടെ നാല് ട്രാക്കുകളുടെ മദ്ധ്യത്തില്‍ നിന്ന് ഇരുവശത്തേക്കും 15 മീറ്റര്‍ വീതം ഭൂമി ഏറ്റെടുത്ത് സുരക്ഷിത മേഖലയാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. രണ്ട് ഭാഗത്തുമായി ഇത്തരത്തില്‍ 30 മീറ്റര്‍ ഭൂമിയാണ് ഏറ്റെടുക്കുക. ഇത് തന്നെയാണ് കെആര്‍ഡിസിഎല്‍ അതിര്‍ത്തിയായി നിശ്ചയിച്ചിരിക്കുന്നത്. ഇത് കൂടാതെ അഞ്ച് മീറ്റര്‍ കൂടിയെടുത്ത് അത് ബഫര്‍ സോണാക്കും. അതായത് ഇരുഭാഗത്തുമായി 10 മീറ്റര്‍ വീതിയിലുളള സ്ഥലം കൂടി സുരക്ഷാ മേഖലയാകും. എന്നാല്‍ ഇതൊന്നും പറയാതെ അതിര്‍ത്തി കഴിഞ്ഞ് ഒരു വശത്തേക്കുള്ള ബഫര്‍ സോണായി നിശ്ചയിച്ച അഞ്ച് മീറ്ററിന്റെ കാര്യം മാത്രമാണ് മുഖ്യമന്ത്രി പരാമര്‍ശിച്ചത്. രണ്ട് ട്രാക്കുകള്‍ക്കിടയില്‍ വേണ്ട സ്ഥലം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.