Saturday, May 4, 2024
keralaNewspolitics

സില്‍വര്‍ ലൈന്‍ പദ്ധതിയെയും സര്‍ക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമര്‍ശിച്ച് പി.സി. വിഷ്ണുനാഥ് എം.എല്‍.എ

തിരുവനന്തപുരം:സില്‍വര്‍ ലൈന്‍ വിഷയത്തില്‍ നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ പദ്ധതിയെയും സര്‍ക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമര്‍ശിച്ച് പി.സി. വിഷ്ണുനാഥ് എം.എല്‍.എ. കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരേ സംസ്ഥാനത്ത് ഉടനീളം പ്രതിഷേധം നടക്കുകയാണ്. എന്നാല്‍ ആ പ്രതിഷേധത്തെ അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും മൃഗീയവുമാണ് സര്‍ക്കാരും പോലീസും നേരിടുന്നതെന്ന് പ്രമേയാവതരണം നടത്തിയ വിഷ്ണുനാഥ് ആരോപിച്ചു.സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കല്ലുകള്‍ സ്ഥാപിക്കാന്‍ എന്തു ഹീനമായ ആക്രമണവും നടത്താന്‍ മടിയില്ലാത്ത തരത്തിലേക്ക് സര്‍ക്കാരും പോലീസും അധഃപതിച്ചെന്ന് അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് പോലീസുകാരുമായെത്തി സ്വകാര്യഭൂമിയില്‍ അതിക്രമിച്ച് കയറുകയാണ്. എതിര്‍ക്കുന്നവരെ അതിക്രമിച്ചും വലിച്ചിഴച്ചും തളര്‍ന്നുവീഴുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ തടസ്സം നിന്നും കേരളത്തിന്റെ പോലീസ് ആറാടുകയാണ്, അഴിഞ്ഞാടുകയാണ്. കെ റെയില്‍ പോലെ കെ ഫോണ്‍ പോലെ കേരള പോലീസിന്റെ കെ ഗുണ്ടായിസമാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്നതെന്നും വിഷ്ണുനാഥ് പറഞ്ഞു.കല്ലിടാന്‍ വരുന്ന പോലീസ്, കുട്ടികളുടെ മുന്നില്‍വെച്ച് അവരുടെ രക്ഷകര്‍ത്താക്കളെ മര്‍ദിക്കുകയാണ്. ആ കുഞ്ഞുങ്ങളുടെ മുന്നില്‍വെച്ച് അച്ഛനെയും അമ്മയെയും വലിച്ചിഴച്ചു കൊണ്ടുപോവുകയാണ്. സാമൂഹിക അതിക്രമം നടത്തിയാണ് കെ റെയിലിന്റെ സാമൂഹികാഘാത പഠനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു സുപ്രഭാതത്തില്‍ വീട്ടിലേക്ക് പോലീസ് കയറിവന്ന് അടുക്കളയില്‍ മഞ്ഞക്കല്ല് കുഴിച്ചിടുകയാണ്. ഏതെങ്കിലും മാനദണ്ഡം പാലിച്ചാണോ ഇത് നടക്കുന്നതെന്നും വിഷ്ണുനാഥ് ആരാഞ്ഞു.