Friday, May 17, 2024
keralaNews

സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിച്ചുയരുന്നു.

കൊച്ചി : സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിച്ചുയരുന്നു. 170 രൂപ കടന്നിരിക്കുകയാണ് കോഴിവില. വേനല്‍ക്കാലത്ത് സാധാരണയായി കോഴിയിറച്ചിക്ക് വില കുറയുകയാണ് പതിവ്. എന്നാല്‍ ഇപ്പോള്‍ വില ദിവസേന കുതിച്ചുയരുകയാണ്. ചിക്കന്റെ വില ഇരട്ട സെഞ്ച്വറി അടിക്കുമോ എന്ന ആശങ്കയിലാണ് വ്യാപാരികള്‍.കോഴിക്കുഞ്ഞുങ്ങളുടെയും അവയ്ക്കുള്ള തീറ്റയുടെയും വില കൂടിയതാണ് ചിക്കന് വില കൂടാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 300 രൂപയോളമാണ് ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് കൂടിയത്. 1500 രൂപയ്ക്കുള്ളില്‍ കിട്ടിയിരുന്ന കോഴിത്തീറ്റയ്ക്ക് ഇപ്പോള്‍ ഒരു ചാക്കിന് 2500 രൂപ കൊടുക്കണം. കോഴിക്കുഞ്ഞുങ്ങളുടെ വിലയും മൂന്നിരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. 12-15 രൂപയ്ക്ക് കിട്ടിയിരുന്ന കോഴിക്കുഞ്ഞിന് ഇപ്പോള്‍ 40 രൂപയായി വില.ഇതോടെ ചിക്കനോ, ചിക്കന്‍ വിഭവങ്ങളോ വാങ്ങാന്‍ ആളുകള്‍ തയ്യാറാകാതെ വരുന്നുണ്ട്. കോഴിയിറിച്ചിക്ക് വില കൂടിയത് ഇറച്ചി വ്യാപാരികളെ സാരമായി ബാധിച്ചിട്ടുണ്ട്. വില കൂടിയതോടെ കച്ചവടം കുത്തനെ കുറഞ്ഞെന്നാണ് വ്യാപാരികള്‍ പറയുന്നത്.