Friday, May 3, 2024
keralaNewspolitics

സിപിഎമ്മിനെതിരെ പ്രതിഷേധം.. സിപിഎം ആക്രമിച്ച സുരേഷ് കീഴാറ്റൂര്‍ സിപിഎമ്മില്‍ ചേര്‍ന്നു

കൊച്ചി : ദേശീയ പാത വികസനത്തിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കിയ കീഴാറ്റൂരിലെ നെല്‍വയലുകളും തണ്ണീര്‍ തടങ്ങളും നശിപ്പിക്കുന്ന സിപിഎമ്മിനെതിരെ പ്രതിഷേധ പരിപാടികളും സമരങ്ങളും സംഘടിപ്പിച്ച വയല്‍ക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂര്‍ സിപിഎമ്മില്‍ ചേര്‍ന്നു. സിപിഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ തളിപ്പറമ്പ് ഏരിയ സംഘാടക സമിതിയുടെ വൈസ് പ്രസിഡന്റാണ് സുരേഷ്.

പ്രതിഷേധ പരിപാടികളും സമരങ്ങളും സിപിഎമ്മിനെതിരെ ആയിരുന്നില്ലെന്ന് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. അതുകൊണ്ട് തന്നെ പാര്‍ട്ടിയില്‍ നിന്നും ഒരിക്കലും അകന്നിരുന്നില്ല. പരിസ്ഥിതി ആശങ്കകള്‍ മാത്രമാണ് സമരത്തിലൂടെ ഉയര്‍ത്തിക്കാട്ടിയത്. സമരം വിജയമായിരുന്നോ പരാജയമായിരുന്നോ എന്നതിലുപരി പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളില്‍ എത്തിക്കാന്‍ സാധിച്ചുവെന്ന് സുരേഷ് പറഞ്ഞു.

ഒരിക്കലും വികസനത്തിന് എതിരല്ലെന്നും വികസനം നാടിന് ആവശ്യമാണെന്നുമാണ് സുരേഷ് കീഴാറ്റൂര്‍ പറയുന്നത്. ദേശീയപാത വികസനവും കെ-റെയില്‍ പോലെയുള്ള പദ്ധതികളും നാടിന് ആവശ്യമാണ്. വേഗമെന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വയല്‍ക്കിളി നേതാവ് വ്യക്തമാക്കി.

തുടര്‍ന്ന് സിപിഎമ്മിനെതിരെ സമരം ചെയ്ത സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ ആക്രമണവും നടന്നു. വയല്‍ക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേരെ കല്ലെറിഞ്ഞ എസ്എഫ്ഐ നേതാക്കളെ ശാസ്ത്രീയ പരിശോധനയിലൂടെ തിരിച്ചറിഞ്ഞിട്ടും സിപിഎം സമ്മര്‍ദ്ദം മൂലം പോലീസ് കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു.

ദേശീയപാത ബൈപ്പാസ് റോഡിനായി കീഴാറ്റൂര്‍ വയലില്‍ മണ്ണിടുന്നതിനെതിരെയാണ് സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തില്‍ സമരം നടന്നത്. ആദ്യഘട്ടത്തില്‍ സമരത്തിനൊപ്പം നിന്ന സിപിഎം പിന്നീട് പിന്മാറി, തുടര്‍ന്ന് വയല്‍ക്കിളികള്‍ എന്ന സംഘടന രൂപീകരിച്ചാണ് സമരം നടന്നത്. ‘കേരളം കണ്ണൂരിലേക്ക്’ എന്ന പേരില്‍ അവര്‍ നടത്തിയ മാര്‍ച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരും കാണാന്‍ പോലും പോകരുതെന്നും സിപിഎം നിര്‍ദേശം നല്‍കിയിരുന്നു.