Friday, May 10, 2024
keralaNewspolitics

കേരള പദയാത്ര: കേരളത്തിലെ അധമഭരണത്തിന് മേല്‍ ഇടിത്തീ വീഴും; സുരേഷ് ഗോപി

കണ്ണൂര്‍: ബിജെപി കേരള പദയാത്ര തിരുവന്തപുരത്ത് പരിസമാപ്തിയാകുമ്പോള്‍ കേരളത്തിലെ അധമഭരണത്തിന് മേല്‍ ഇടിത്തീ വീഴുമെന്ന് സുരേഷ് ഗോപി. അധമ രാഷ്ട്രീയ വിഭാഗം ഭയക്കുന്നത് ബിജെപിയേയോ കെ സുരേന്ദ്രനേയോ എന്‍ഡിഎ സഖ്യത്തെയോ അല്ലെന്നും ജനങ്ങളെയും ജന പിന്തുണയെയുമാണ് ഭയക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. കേരള പദയാത്രയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയിലാണ് സുരേഷ് ഗോപി വിമര്‍ശിച്ചത്.

കേരളത്തിലെ ജനങ്ങളുടെ പ്രാര്‍ത്ഥനയായിട്ടാണ് പദയാത്ര ആരംഭിച്ചതെന്നും ജനങ്ങളുടെ മുന്‍ബലവും പിന്‍ബലവുമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ഈ യാത്രയില്‍ ഇവിടുത്തെ ജനങ്ങള്‍ വാഗ്ദാനങ്ങളും പ്രതീക്ഷയുമാണ് കാത്തുസൂക്ഷിക്കുന്നത്. ഇത് നിറവേറ്റുന്ന ഒരു മോദി പദയാത്രയാണ് കേരള പദയാത്ര. അധമ രാഷ്ട്രീയ ഭരണത്തിനെതിരെയുള്ള ആരോപണങ്ങള്‍ കൂരമ്പ് പോലെ ജനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഇതൊന്നും കേട്ടാല്‍ പെറ്റ തള്ളയുടെ തള്ള സഹിക്കില്ല എന്നു പറയുന്ന അവസ്ഥ കേരളത്തിലെ ഭരണ രാജാക്കന്മാര്‍ ഉണ്ടാക്കി വച്ചിട്ടുണ്ട്. അവര്‍ സുഖിക്കട്ടെ. ഇതുകൊണ്ടൊന്നും അവസാനിക്കില്ല.

സുരേഷ് ഗോപി പറഞ്ഞു.പല ദിവസങ്ങളിലായി കേരളത്തിന്റെ പ്രഥമ പൗരന് തെരുവില്‍ വണ്ടിയിലോ അല്ലാതെയോ പെരുമാറാന്‍ കഴിയില്ലെന്ന അവസ്ഥയിലേക്ക് കേരളത്തിലെ ഭരണം എത്തിയിട്ടുണ്ട്. ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാളുടെ അവസ്ഥ ഇതാണെങ്കില്‍ കേരളത്തിലെ ജനങ്ങളുടെ അവസ്ഥയെ പറ്റി പറയേണ്ടതുണ്ടോ. സംസ്ഥാന സര്‍ക്കാര്‍ വെറും കേസെടുപ്പ് സര്‍ക്കാരായി അധഃപതിച്ചു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ കേസ്, പറയുമെന്ന് കരുതുന്നതായി ഗണിച്ചും കേസെടുക്കുകയാണ്.

കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് യാഥാര്‍ത്ഥ വിശ്വപൗരന്‍ നരേന്ദ്രമോദി ഭാരതത്തിലൂടെ ലോകത്തിന് വേണ്ടി എന്ത് സംഭാവന ചെയ്തുവെന്ന കണക്കെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. ലോകനേതാക്കള്‍ പോലും അംഗീകരിച്ച വ്യക്തിയാണ് നരേന്ദ്രമോദി. ഈ ഭരണത്തില്‍ പ്രീണനമില്ല. ജാതിയില്ല. ഏക വ്യക്തിനിയമത്തിനു വേണ്ടി നിലകൊള്ളുന്ന സര്‍ക്കാരാണ്. അത് അടുത്ത തിരഞ്ഞെടുപ്പില്‍ വാഗ്ദാനമായി വരുമെങ്കില്‍, അതു നടപ്പാക്കിയെടുക്കുമെങ്കില്‍ പിന്നെ എവിടെയാണ് ജാതിക്ക് സ്ഥാനം? നമ്മളെല്ലാം ആഗ്രഹിക്കുന്നതും അതല്ലേ..

അതു സംഭവിച്ചിരിക്കും. ‘കെ റെയില്‍ വരും കേട്ടോ’ എന്നു പറഞ്ഞതുപോലെയല്ല. അതു വന്നിരിക്കും. ആരെങ്കിലും കരുതേണ്ട ഇത് ഏതെങ്കിലും വിഭാഗത്തിന് എതിരാണെന്ന്. ആ വിഭാഗം തന്നെയായിരിക്കും അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളെന്നും അദ്ദേഹം പറഞ്ഞു. 37,000 കോടി രൂപയാണ് കേരളത്തിലെ കര്‍ഷകര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ വഴി കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. തൊഴിലുറപ്പ് തൊഴിലാളികളുടെയും ആശാ വര്‍ക്കര്‍മാരുടെയും കൂലിയും ഇതുപോലെ തന്നെ വിതരണം ചെയ്യണം. അവരുടെ കൂലിയില്‍ നിന്ന് പങ്കുതട്ടുന്ന ഒത്തിരി ലോക്കല്‍ നേതാക്കള്‍ നമ്മുടെ നാട്ടിലുണ്ട്.

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൃത്യമായി വേതനം കൊടുക്കില്ലെന്ന് പറഞ്ഞ് എല്ലാവരും കേന്ദ്രത്തിനെതിരെ തിരിഞ്ഞു. എന്നാല്‍ കൃത്യമായ കണക്ക് കൊടുത്തപ്പോള്‍ ആരും ഒന്നും മിണ്ടുന്നില്ല. കണക്കെവിടയെന്ന് നമുക്ക് പിണറായി വിജയനോട് ചോദിക്കാന്‍ എളുപ്പമാണ്. മോദിയുടെ നെഞ്ചത്തേക്ക് വരാമെന്ന് കരുതരുത്. അതിന് നില്‍ക്കുന്ന ഓട്ട ചങ്കോ പരട്ട ചങ്കോ അല്ല നരേന്ദ്രമോദിയെന്ന് പിണറായി വിജയനും പാര്‍ട്ടി പ്രവര്‍ത്തകരും വിചാരിക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു.