Monday, April 29, 2024
educationkeralaNews

സര്‍ക്കാര്‍ കണക്ക് പൊളിയുന്നു; പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞു

പൊതുവിദ്യാലയങ്ങളില്‍ 6.8 ലക്ഷം കുട്ടികള്‍ വര്‍ധിച്ചുവെന്ന സര്‍ക്കാരിന്റെ അവകാശവാദം തെറ്റാണെന്നു വിദ്യാഭ്യാസവകുപ്പിന്റെ കണക്ക്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതു മുന്നണി അവതരിപ്പിക്കുന്ന വലിയ അഭിമാന നേട്ടം കൂടിയാണ് ഔദ്യോഗിക കണക്കുകളില്‍ പൊളിയുന്നത്.2015 16 അധ്യയനവര്‍ഷം ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ 33.67 ലക്ഷം കുട്ടികളുണ്ടായിരുന്നത് 201920ല്‍ 33.27 ലക്ഷമായി കുറഞ്ഞുവെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ച കണക്കുകളില്‍ നിന്നു വ്യക്തമാകുന്നു. ചില ക്ലാസുകളിലെ കുട്ടികളുടെ എണ്ണത്തിലെ വര്‍ധന മാത്രം എടുത്തു കുട്ടികള്‍ വര്‍ധിച്ചുവെന്നു പ്രചാരണം നടത്തുകയാണെന്നാണ് ആരോപണം.

കഴിഞ്ഞ 5 വര്‍ഷത്തിനിടെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ആകെ 40694 കുട്ടികള്‍ കുറഞ്ഞു. അതേസമയം, സര്‍ക്കാര്‍ സ്‌കൂളുകളുടെ മാത്രം കണക്കെടുത്താല്‍ കുട്ടികളുടെ എണ്ണം 11.54 ലക്ഷത്തില്‍ നിന്ന് 11.68 ലക്ഷമായി ഉയര്‍ന്നു. എയ്ഡഡ് സ്‌കൂളുകളില്‍ 22.13 ലക്ഷത്തില്‍ നിന്ന് 21.58 ആയി കുറഞ്ഞു. കോവിഡ് ആയതിനാല്‍ 202021 അധ്യയനവര്‍ഷത്തെ കണക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടില്ല. ഒന്നാം ക്ലാസില്‍ പുതുതായി ചേര്‍ന്ന കുട്ടികളുടെ മാത്രം എണ്ണമെടുത്താലും സര്‍ക്കാരിന്റെ അവകാശവാദം സാധൂകരിക്കുന്നതല്ല. 201516ല്‍ 2.53 ലക്ഷം കുട്ടികള്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നു. 201920ല്‍ അത് 2.68 ലക്ഷമായി. ആകെ വര്‍ധന ഏതാണ്ട് 13000.ഓരോ അധ്യയന വര്‍ഷവും പുതുതായി എത്തിയ കുട്ടികളുടെ എണ്ണം മുന്‍ വര്‍ഷത്തെ എണ്ണവുമായി താരതമ്യം ചെയ്യുന്നതിനു പകരം ഓരോ ക്ലാസിലും പ്രവേശനം നേടിയ കുട്ടികളുടെ എണ്ണവും അടുത്ത വര്‍ഷത്തെ ഉയര്‍ന്ന ക്ലാസിലെത്തിയ കുട്ടികളും തമ്മിലുള്ള വ്യത്യാസമാണ് വര്‍ധനയായി പ്രചരിപ്പിക്കുന്നതെന്നാണ് ആക്ഷേപം.