Thursday, May 16, 2024
keralaNews

നല്ല പണികൊടുക്കും എന്നു ദിലീപ് പറയുന്നത് എങ്ങനെ ശാപവാക്കാകും: പ്രോസിക്യൂഷന്‍.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എതിര്‍ത്തുള്ള പ്രോസിക്യൂഷന്‍ വാദം നടക്കുകയാണ്. ദിലീപിനു മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ അര്‍ഹതയില്ലെന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നത്.ബാലചന്ദ്രകുമാര്‍ ഗൂഢാലോചനയുടെ ദൃക്സാക്ഷിയാണെന്നും മൊഴിയിലുള്ള ചെറിയ വൈരുദ്ധ്യങ്ങള്‍ കണക്കിയെടുക്കാതെ അദ്ദേഹത്തെ വിശ്വാസത്തിലെടുക്കണമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. വിശ്വാസ്യമായ ഉറവിടങ്ങളില്‍ നിന്നുള്ള വിവരം പരിഗണിക്കാമെന്ന കൊല്‍ക്കത്ത ഹൈക്കോടതിയുടെ മുന്‍ ഉത്തരവു പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കേസിന്റെ പ്രാഥമിക അന്വേഷണത്തിലാണെന്നും വ്യക്തമായ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ വന്നതോടെ ഫോണുകളെല്ലാം മാറിയത് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

പ്രോസിക്യൂഷന്റെ വാദങ്ങള്‍ ഇങ്ങനെ:…

ബാലചന്ദ്രകുമാര്‍ ചാനലില്‍ നല്‍കിയ അഭിമുഖത്തെ തുടര്‍ന്നാണ് ബൈജു പൗലോസിന്റെ പരാതി വരുന്നത്. അന്വേഷണ ഉദ്യോഗസ്ഥനെയും മറ്റ് ഉദ്യോഗസ്ഥരെയും വകവരുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്നു വ്യക്തമാണ്. ഗൂഢാലോചന സംബന്ധിച്ച് കൃത്യമായ തെളിവു ലഭിച്ചതനുസരിച്ചാണ് ബൈജു പൗലോസ് പരാതിയുമായി മുന്നോട്ടു വന്നത്. സ്ഥിരതയുള്ള മൊഴിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഓഡിയോയും മറ്റും പിന്തുണ നല്‍കുന്ന തെളിവു മാത്രമാണ്. നിയമപരമായി വിശ്വാസ്യതയുള്ള സാക്ഷിയാണ് ബാലചന്ദ്രകുമാര്‍. ഗൂഢാലോചന തികച്ചും രഹസ്യാത്മകമായാണ് നടന്നിരിക്കുന്നത്. ബാലചന്ദ്രകുമാറുമായി മറ്റെന്തെങ്കിലും തരത്തിലുള്ള കേസ് പ്രതിക്ക് ഇല്ല. നേരിട്ടുള്ള തെളിവാണ് ബാലചന്ദ്രകുമാര്‍.ഡിവൈഎസ്പി ബൈജു പൗലോസിന് ബാലചന്ദ്രകുമാറുമായി മുന്‍പരിചയമില്ല. തുടരന്വേഷണത്തിന് അപേക്ഷ നല്‍കുക മാത്രമാണ് ബൈജു പൗലോസ് ചെയ്തത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതില്‍ അസ്വഭാവികമായി ഒന്നുമില്ല. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനുള്ള ശ്രമമെന്ന വാദം നിലനില്‍ക്കില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു പണി കൊടുക്കണമെന്ന് ദിലീപ് ഉള്‍പ്പടെ ആറുപേര്‍ ഉള്ള സംഘം തീരുമാനം എടുത്തു. നല്ല പണികൊടുക്കും എന്നു ദിലീപ് പറയുന്നത് എങ്ങനെ ശാപവാക്കാകും. ഇതു തീരുമാനമെടുത്തതാണെന്ന് പ്രോസിക്യൂഷന്‍.

ഗൂഢാലോചന നടക്കുമ്പോള്‍, തീരുമാനിക്കുമ്പോള്‍ ബാലചന്ദ്രകുമാര്‍ സാക്ഷിയാണ്. ബാലചന്ദ്രകുമാര്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ഉപയോഗിച്ച ടാബില്‍നിന്ന് ലാപ് ടോപ്പിലേക്ക് കോപ്പി ചെയ്തു സൂക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്നു പറഞ്ഞതും ജീവനു ഭീഷണി ഉള്ളതും ഭാര്യയോട് അന്നു പറഞ്ഞിട്ടുണ്ട്. ഇത് കോടതിക്കു പരിശോധിക്കാമെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ഗൂഢാലോചന പുറത്തുപറഞ്ഞാല്‍ അവര്‍ കൊന്നു കളഞ്ഞേക്കുമെന്നു ബാലചന്ദ്രകുമാറിന്റെ ഭാര്യ ആശങ്കപ്പെട്ടിരുന്നു.

കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യം’…ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ആണ് പ്രോസിക്യൂഷന്‍ നിലപാട്. ഗൂഢാലോചനയ്ക്ക് അപ്പുറം ദിലീപിനെതിരെ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ജസ്റ്റിസ് പി.ഗോപിനാഥ് ആണ് വാദം കേള്‍ക്കുന്നത്.