Thursday, May 16, 2024
indiaNews

രാജ്യത്തെ നടുക്കിയ പാര്‍ലമെന്റ് ആക്രമണത്തിന് ഇന്ന് 21 വയസ്

ന്യൂഡല്‍ഹി: 2001 ഡിസംബര്‍ 13 രാജ്യത്തെ നടുക്കിയ പാര്‍ലമെന്റ് ആക്രമണം. ഇന്ന് 21 വര്‍ഷം പിന്നിടുന്നു. 2001 ഡിസംബര്‍ 13 ന് പാര്‍ലമെന്റില്‍ ശീതകാല സമ്മേളനം നടക്കുമ്പോഴായിരുന്നു രാജ്യത്തെ നടുക്കിയ പാര്‍ലമെന്റ് ആക്രമണം. ലഷ്‌കര്‍ ഇ ത്വയ്ബ, ജയ്ഷെ മുഹമ്മദ് ഭീകരര്‍ ആക്രമണം നടത്തിയത്.രാവിലെ 11:40 ന് ആഭ്യന്തരമന്ത്രാലയത്തിന്റെ സ്റ്റിക്കര്‍ പതിച്ച അംബാസിഡര്‍ കാര്‍ പാര്‍ലമെന്റിന്റെ വളപ്പിലേക്ക് കയറി ഗെയ്റ്റ് നമ്പര്‍ പന്ത്രണ്ട് ലക്ഷ്യമാക്കി കാര്‍ നീങ്ങി. പന്തികേട് തോന്നിയ സുരക്ഷാ ജീവനക്കാരന്‍ കാറിന് പിന്നാലെ ഓടി.      കാവല്‍ക്കാരനെ കണ്ടതോടെ വാഹനം പുറകോട്ടെടുത്തു. വാഹനത്തില്‍ നിന്ന് ഇറങ്ങിയ അഞ്ച് ഭീകരര്‍ വെടിയുതിര്‍ത്തു. എകെ 47 തോക്കുധാരികളായ അഞ്ച് ലഷ്‌കര്‍ ഇ-ത്വയ്ബ, ജയ്‌ഷെമുഹമ്മദ് ഭീകരരാണ് ആക്രമണം നടത്തിയത്. ഇതോടെ അപായമണി മുഴങ്ങി. പാര്‍ലമെന്റിന്റെ കവാടങ്ങള്‍ അടച്ചു. മുപ്പത് മിനിറ്റ് നേരത്തെ പോരാട്ടത്തിനൊടുവില്‍ അഞ്ച് ഭീകരരെയും സുരക്ഷാസേന വധിച്ചു. ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരടക്കം 9 പേര്‍ വീരമൃത്യു വരിച്ചു.ആക്രമണം നടക്കുമ്പോള്‍ അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന എല്‍ .കെ. അഡ്വാനിയടക്കമുള്ള മന്ത്രിമാരും മറ്റ് ജനപ്രതിനിധികളടക്കം നിരവധി പേര്‍ പാര്‍ലമെന്റില്‍ ഉണ്ടായിരുന്നു. ഭീകരര്‍ വെടിയുതിര്‍ത്തെങ്കിലും ഉപരാഷ്ട്രപതിയുടെ സുരക്ഷാഭടന്മാരും പാര്‍ലമെന്റിലെ സുരക്ഷാ ഉദ്യോഗസ്ഥരും അവരെ ചെറുക്കുകയായിരുന്നു.ഈ ആക്രമണം ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നറിയപ്പെടുന്ന ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഒരു തീരാക്കളങ്കമായി. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തില്‍ ഇത് വീണ്ടും സാരമായ വിള്ളല്‍ വീഴ്ത്തി. ഒരുവേള ഇന്ത്യാ-പാക് യുദ്ധം വരെയുണ്ടാകാനുള്ള സാധ്യതയ്ക്ക് ഈ ആക്രമണം വഴിവച്ചു. ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ അഫ്സല്‍ ഗുരുവിനെ ഡല്‍ഹി പോലീസ് ജമ്മു കശ്മീരില്‍ നിന്നും അറസ്റ്റു ചെയ്തു. ഡല്‍ഹി സര്‍വകലാശാലയിലെ സാക്കീര്‍ ഹുസൈന്‍ കോളേജിലെ അദ്ധ്യാപകനായ എസ്.എ.ആര്‍ ഗീലാനിയെ അറസ്റ്റ് ചെയ്തു. അഫ്‌സാന്‍ ഗുരു, ഭര്‍ത്താവ് ഷൗക്കത്ത് ഹുസൈന്‍ ഗുരു എന്നിവരേയും അറസ്റ്റ് ചെയ്തു. എസ്.എ.ആര്‍ ഗീലാനി, അഫ്‌സാന്‍ ഗുരു എന്നിവരെ കോടതി കുറ്റവിമുക്തരാക്കി. അഫ്‌സല്‍ ഗുരുവിനെ വധശിക്ഷയ്ക്കും ഷൗക്കത്തിനെ പത്ത് വര്‍ഷം കഠിന തടവിനും ശിക്ഷ വിധിച്ചു. 2013 ഫെബ്രുവരി ഒന്‍പതിന് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റി.