Monday, May 6, 2024
indiaNews

സര്‍ക്കാര്‍ അനുകുല്യം ലഭിക്കാന്‍ സഹോദരന്‍ സഹോദരിയെ വിവാഹം കഴിച്ചു.

സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള ‘മുഖ്യമന്ത്രി സാമൂഹിക് വിവാഹ യോജന പദ്ധതി’യില്‍ നിന്ന് പണം തട്ടാനായി ഒരാള്‍ സ്വന്തം സഹോദരിയെ വിവാഹം കഴിച്ചു. പദ്ധതിയുടെ കീഴില്‍ നടന്ന സമൂഹ വിവാഹ പരിപാടിയിലായിരുന്നു ഈ നാടകം നടന്നത്.അതില്‍ പങ്കെടുക്കുന്ന ഓരോ ദമ്പതികള്‍ക്കും വീട്ടുപകരണങ്ങള്‍ക്ക് പുറമെ 30,000 രൂപ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പദ്ധതി പ്രകാരം, വധുവിന്റെ ബാങ്ക് അക്കൗണ്ടില്‍ 20,000 രൂപ നിക്ഷേപിക്കുകയും 10,000 രൂപയുടെ സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഡിസംബര്‍ 11 -ന് ഫിറോസാബാദിലെ തുണ്ട്ലയില്‍ വച്ചായിരുന്നു വിവാഹം. നാട്ടുകാര്‍ വിവാഹിതരായ ദമ്പതികളെ സഹോദരനും സഹോദരിയുമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തില്‍ നിന്നുള്ള വീഡിയോകളും ഫോട്ടോകളും പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് കള്ളം വെളിച്ചത്തായത്.

തുണ്ട്ല ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസിന്റെ പരിസരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ മറ്റ് 51 ദമ്പതികളും വിവാഹിതരായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് തുണ്ട്‌ല ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ നരേഷ് കുമാര്‍ പറഞ്ഞു. സഹോദരനെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പദ്ധതി പ്രകാരം ദമ്പതികള്‍ക്ക് നല്‍കിയ വീട്ടുപകരണങ്ങള്‍ വകുപ്പ് തിരിച്ചെടുത്തു.കഴിഞ്ഞ വര്‍ഷവും സമാനമായ ഒരു സംഭവമുണ്ടായി. ഒരു പഞ്ചാബി യുവാവ് സ്വന്തം സഹോദരിയെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകുന്നതിനായി വിവാഹം കഴിച്ചിരുന്നു. ബട്ടിന്‍ഡയിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള മന്‍പ്രീത് സിംഗ് 2012 മുതല്‍ ഓസ്ട്രേലിയയില്‍ പോയി അവിടെ സ്ഥിരതാമസമാക്കിയിരുന്നു. അദ്ദേഹത്തിന്റെ സഹോദരി അമന്‍ദീപ് കൗറും ഓസ്ട്രേലിയയിലേക്ക് പോകാന്‍ താല്പര്യമുണ്ടായിരുന്നു. പക്ഷേ, അവളുടെ വിസ പലതവണ നിരസിക്കപ്പെട്ടു. അങ്ങനെയാണ് അവര്‍ വിവാഹ നാടകം നടത്തിയത്.