Tuesday, May 14, 2024
indiakeralaNews

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി ഇരിട്ടിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി അസം സ്വദേശിനി മുന്‍മി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി ഇരിട്ടിയില്‍ മത്സരിക്കാനൊരുങ്ങുകയാണ് അസമിന്റെ മകളായ മുന്‍മി. ഇരിട്ടി നഗരസഭയിലെ പതിനൊന്നാം വാര്‍ഡായ വികാസ് നഗറിലാണ് എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികളുമായി ഏറ്റുമുട്ടാന്‍ ലോഹാന്‍പൂര്‍ ജില്ലയിലെ ബോഗിനടി സ്വദേശിയും കണ്ണൂരിന്റെ മരുമകളുമായ മുന്‍മി ഇറങ്ങിയിരിക്കുന്നത്.
ചെങ്കല്‍ ക്വാറി തൊഴിലാളിയായ കെഎന്‍ ഷാജിയെ ഏഴ് വര്‍ഷം മുന്‍പ് വിവാഹം കഴിച്ചതോടെയാണ് മുന്‍മി ഇരിട്ടിയിലെത്തുന്നത്. ഇപ്പോള്‍ ഊവാപ്പള്ളിയിലെ അയ്യപ്പ ഭജനമഠത്തിന് സമീപം വാടക വീട്ടിലാണ് മുന്‍മിയും മക്കളായ സാധികയും ഋതികയും അടങ്ങുന്ന കുടുംബം താമസിക്കുന്നത്.നമ്പര്‍ തെറ്റിയുള്ള ഫോണ്‍വിളിയാണ് തങ്ങളുടെ പ്രണയത്തിന് കാരണമെന്ന് മുന്‍മി പറയുന്നു. ചെങ്കല്‍ ക്വാറിയില്‍ ജോലി ചെയ്യുന്ന ഒരു തൊഴിലാളിയെ ഷാജി വിളിച്ചത് നമ്പര്‍ തെറ്റി മുന്‍മിയുടെ ഫോണിലേക്കായിരുന്നു. നന്നായി ഹിന്ദി സംസാരിക്കാന്‍ അറിയുന്ന ആളാണ് ഷാജി. അങ്ങനെ ഈ വിളി ഒരു പ്രണയമാവുകയും വീട്ടുകാരുടെ സമ്മതത്തോടെ ഇരട്ടി കീഴൂരിലെ ക്ഷേത്രത്തില്‍ വച്ച് വിവാഹിതരാവുകയും ചെയ്തു.അച്ഛന്‍ ലീലാ ഗോഗോയിയും അമ്മ ഭവാനി ഗൊഗോയിയും കോണ്‍ഗ്രസ്സുകാരായിരുന്നു. എന്നാല്‍ ഇന്ന് അസം അടിമുടി മാറിയെന്നും നരേന്ദ്ര മോദിയുടെ ഭരണം ചെയ്യുന്ന നല്ല കാര്യങ്ങള്‍ കണ്ട് തന്റെ കുടുംബവും ബിജെപിയിലേക്ക് മാറിയെന്നും മലയാളത്തില്‍ മുന്‍മി പറഞ്ഞു.