Friday, May 3, 2024
keralaNews

സമരം സര്‍ക്കാര്‍ സ്‌പോണ്‍സേഡ് അല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം:സമരം സര്‍ക്കാര്‍ സ്‌പോണ്‍സേഡ് അല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.തൊഴിലാളികളുടെ സമരമാണിത്. ജീവനക്കാര്‍ക്ക് പണിമുടക്കാനുള്ള അവകാശം നിഷേധിക്കാനാകില്ലെന്നും കോടിയേരി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തെ എതിര്‍ക്കുന്ന കോടതി ഉത്തരവ് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കുന്നത് ജനാധിപത്യസംവിധാനത്തിന് തന്നെ വെല്ലുവിളിയാണ്. ഹര്‍ത്താല്‍ അല്ല കടകള്‍ തുറക്കാമെന്നും കടകള്‍ ബലംപ്രയോഗിച്ച് അടപ്പിക്കില്ലെന്നും കോടിയേരി പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്റെ വാക്കുകള്‍
ജഡ്ജിമാര്‍ക്ക് പറയാനുള്ളത് അവര്‍ തുറന്നുപറയാറുണ്ട്. നാല് ജഡ്ജിമാര്‍ സുപ്രീംകോടതിയില്‍ നിന്ന് ഇറങ്ങി വന്ന് പരസ്യമായി പത്രസമ്മേളനം നടത്തിയില്ലേ. അതേതെങ്കിലും നിയമത്തില്‍ പറഞ്ഞ കാര്യമാണോ? അതിലൊരു ജഡ്ജി പിന്നെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായില്ലേ. നാവടക്കു പണിയെടുക്കു എന്ന അടിയന്തരാവസ്ഥയുടെ ശബ്ദമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇത്തരം നിലപാടുകള്‍ പുനപരിശോധിക്കാന്‍ ജുഡീഷ്യറി തയ്യാറാവണം. ധാരാളം പണിമുടക്കങ്ങളും സമരങ്ങളും നടത്തിയതിന് ശേഷമാണ് നമ്മുടെ നാട്ടില്‍ മാറ്റങ്ങള്‍ വന്നത്. ബ്രിട്ടീഷുകാര്‍ക്ക് എതിരെ തൊഴിലാളികള്‍ പണിമുടക്കിയത് ഏതെങ്കിലും കോടതിയുടെ അനുമതിയോടെയല്ല. കോടതി അതിന് എതിരാണ്. ഒരുദിവസത്തെ വേദനം നഷ്ടപ്പെടും എന്ന് കണക്കാക്കിക്കൊണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കിന് തയ്യാറാവണം. പുതിയ വെല്ലുവിളിയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ മുന്നില്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. എല്ലാം നേടിയത് പോരാട്ടത്തിലൂടെ.