Sunday, April 28, 2024
keralaNews

തട്ടുകടയില്‍വച്ച് കൂട്ടം ചേര്‍ന്ന് മര്‍ദിച്ചതാണ്  വെടിവയ്ക്കാന്‍ ഫിലിപ്പ് മാര്‍ട്ടിനെ പ്രേരിപ്പിച്ചതെന്ന് അമ്മ

തൊടുപുഴ തട്ടുകടയില്‍വച്ച് കൂട്ടം ചേര്‍ന്ന് മര്‍ദിച്ചതാണ് തോക്കെടുത്ത് വെടിവയ്ക്കാന്‍ ഫിലിപ്പ് മാര്‍ട്ടിനെ (കുട്ടു26) പ്രേരിപ്പിച്ചതെന്ന് അമ്മ ലിസി മാര്‍ട്ടിന്‍. വെടിയേറ്റവരും തട്ടുകടയിലെ അക്രമി സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയമുണ്ട്. പ്രാണരക്ഷാര്‍ഥമാണ് വെടിയുതിര്‍ത്തത്. ഇത്രയുമധികം ആളുകള്‍ മര്‍ദിക്കാന്‍ സംഘടിച്ചെത്തിയതില്‍ ദുരൂഹതയുണ്ട്. കടയില്‍ എന്താണ് ഉണ്ടായതെന്ന് അറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ലിസി പറഞ്ഞു.അതേസമയം, തട്ടുകടയിലെത്തി ബീഫും പൊറോട്ടയും ആവശ്യപ്പെട്ടപ്പോള്‍ ഫിലിപ്പിന് നല്‍കിയില്ലെന്നും മറ്റൊരാള്‍ക്ക് നല്‍കിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്നും ഒപ്പമുണ്ടായിരുന്ന ജിജു പ്രതികരിച്ചു. ഫിലിപ്പിനെ കടയിലുണ്ടായിരുന്നവര്‍ കൂട്ടംചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്നും ഫിലിപ്പിന്റെ ബന്ധു കൂടിയായ ജിജു പറഞ്ഞു.ശനിയാഴ്ച രാത്രി 9.40നു മൂലമറ്റം ഹൈസ്‌കൂളിന് മുന്നിലായിരുന്നു സംഭവം. വെടിവയ്പില്‍ ബസ് കണ്ടക്ടര്‍ കീരിത്തോട് സ്വദേശി സനല്‍ സാബു (34) മരിച്ചിരുന്നു. തട്ടുകടയില്‍ ഭക്ഷണത്തിന്റെ പേരില്‍ ഫിലിപ്പ് ബഹളമുണ്ടാക്കി. തര്‍ക്കത്തെ തുടര്‍ന്നു ഫിലിപ്പിനെ നാട്ടുകാര്‍ വീട്ടിലേക്കയച്ചു. പിന്നാലെ തോക്കുമായി തിരിച്ചെത്തി കാറിലിരുന്ന് വെടിയുതിര്‍ക്കുകയായിരുന്നു.