Monday, April 29, 2024
keralaNews

സംഗീത സംവിധായകന്‍ മുരളി സിത്താരയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

സംഗീത സംവിധായകന്‍ വി മുരളീധരന്‍ എന്ന മുരളി സിത്താരയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 65 വയസ്സായിരുന്നു. വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് അദ്ദേഹത്തെ കഴിഞ്ഞ ദിവസം വൈകിട്ടോടെ കണ്ടെത്തിയത്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ തോപ്പുമുക്ക് അമ്ബാടിയില്‍ ആണ് മുരളി സിത്താര താമസിച്ചിരുന്നത്.ഞായറാഴ്ച ഉച്ചയോടെ മുരളി സിത്താര തന്റെ മുറിയില്‍ കയറി കതക് അടയ്ക്കുകയായിരുന്നു. വൈകുന്നേരമായിട്ടും പുറത്ത് വരാത്തതിനെ തുടര്‍ന്ന് മകന്‍ വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് എന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ദേഹത്തിന്റെ സംസ്‌ക്കാരം ഇന്ന് നടക്കും.സിനിമാ സംഗീത സംവിധായകന്‍ കൂടാതെ ആകാശവാണിയില്‍ സീനിയര്‍ മ്യൂസിക് കംപോസര്‍ കൂടി ആയിരുന്നു മുരളി സിത്താര. 1987ല്‍ ആണ് മുരളി സിത്താര സിനിമാ സംഗീത സംവിധാനത്തിലേക്ക് എത്തുന്നത്. തീക്കാറ്റ് എന്ന ചിത്രത്തിന് വേണ്ടി ഈണമിട്ട ഒരു കോടി സ്വപ്നങ്ങളാല്‍ എന്ന് തുടങ്ങുന്ന ഗാനമാണ് ആദ്യത്തെ സിനിമാ ഗാനം. ഈ ഗാനം ഹിറ്റായിരുന്നു. പിന്നീട് 90കളിലെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്.ശാരദേന്ദു പൂ ചൊരിഞ്ഞ, ഇല്ലിക്കാട്ടിലെ ചില്ലിമുളം കൂട്ടില്‍, ഓലപ്പീലിയില്‍ ഊഞ്ഞാലാടും, സൗരയൂഥത്തിലെ സൗവര്‍ണ്ണഭൂമിയില്‍ എന്നിവ മുരളി സിത്താരയുടെ ശ്രദ്ധേയമായ ഗാനങ്ങളാണ്. ആകാശവാണിയില്‍ ആയിരത്തിലധികം ഗാനങ്ങള്‍ക്ക് മുരളി സിത്താര സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. 1991ല്‍ ആണ് അദ്ദേഹം ആകാശവാണിയില്‍ എത്തുന്നത്. അതിന് ശേഷം സിനിമാ ഗാനങ്ങള്‍ക്ക് സംഗീതം ചെയ്തിരുന്നില്ല. ഒഎന്‍വി കുറുപ്പ്, കെ ജയകുമാര്‍, വയലാര്‍ ശരത് ചന്ദ്രവര്‍മ്മ അടക്കമുളളവരുടെ രചനകള്‍ക്ക് മുരളി സിത്താര സംഗീതം പകര്‍ന്നിട്ടുണ്ട്. ശോഭനാകുമാരിയാണ് ഭാര്യ. കീബോര്‍ഡ് പ്രോഗ്രാമര്‍ ആയ മിഥുന്‍ മുരളി, വിപിന്‍ എന്നിവര്‍ മക്കളാണ്.