Sunday, May 5, 2024
keralaNewspolitics

ഷംസീറിന് നേരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് സിപിഎം നേതാവ് പി ജയരാജന്‍.

ഷംസീറിന് നേരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് സിപിഎം നേതാവ് പി ജയരാജന്‍. ഷംസീറിനെ ഒറ്റെപ്പടുത്തിക്കളയാമെന്നത് വ്യാമോഹം മാത്രമാണ്.ഷംസീറിനെതിരായ യുവമോര്‍ച്ചയുടെ ഭീഷണിയിലാണ് പി ജയരാജന്റെ മറുപടി.
ജയരാജന്‍ പറഞ്ഞു. തലശ്ശേരിയില്‍ സിപിഎം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയായിരുന്നു സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയുടെ വിവാദ പരാമര്‍ശം.ഈ ഭീഷണിയൊന്നും ഈ നാട്ടില്‍ നടപ്പില്ലെന്നും അതിശക്തമായ ചെറുത്ത് നില്‍പ്പുണ്ടാകുമെന്നും മറുപടിയായി പി.ജയരാജന്‍ പറഞ്ഞു.ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് എ എന്‍ ഷംസീറിന്റെ ഓഫീസിലേക്ക് യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.ജൂലൈ 21ന് കുന്നത്തുനാട് ജിഎച്ച്എസ്എസില്‍ നടന്ന വിദ്യജ്യോതി പരിപാടിയില്‍ സ്പീക്കര്‍ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങള്‍ക്ക് പകരം ഹൈന്ദവ പുരാണത്തിലെ മിത്തുകളാണ് കുട്ടികളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് ഷംസീര്‍ പറഞ്ഞിരുന്നു. വന്ധ്യതാ ചികിത്സയും വിമാനവും പ്ലാസ്റ്റിക് സര്‍ജറിയുമെല്ലാം ഹിന്ദുത്വകാലം മുതല്‍ക്കേ ഉണ്ടെന്ന് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിനു താന്‍ പഠിച്ച കാലത്തെ ഉത്തരം റൈറ്റ് ബ്രദേഴ്‌സ് എന്നാണ്.

എന്നാല്‍, ആദ്യ വിമാനം പുഷ്പക വിമാനമാണെന്ന് സ്ഥാപിക്കാനാണ് ശ്രമം നടക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു. ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങള്‍ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലഘട്ടത്തില്‍ ഇതൊക്ക വെറും മിത്തുകളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയത്.