Saturday, May 18, 2024
EntertainmentkeralaNews

മലയാളത്തിന്റെ വാനമ്പാടിയ്ക്ക് ഇന്ന് അറുപതാം പിറന്നാള്‍

തിരുവനന്തപുരം: മലയാളത്തിന്റെ വാനമ്പാടിയ്ക്ക് ഇന്ന് അറുപതാം പിറന്നാള്‍. മലയാളികളുടെ മനസില്‍ പാട്ടിന്റെ സ്വരമാധുരി കൊണ്ട് മാധുരം നിറഞ്ഞ പാട്ടുകള്‍ ചാര്‍ത്തിയ കെ എസ് ചിത്ര ഇന്ന് അറുപതാം പിറന്നാള്‍. പുതുസ്വരങ്ങള്‍ ഗാനരംഗത്തേക്ക് കടന്നുവരുമ്പോഴും ഇന്നും ചലച്ചിത്ര പിന്നണിഗായികമാരില്‍ മുന്‍ നിരയില്‍ തന്നെ കെഎസ് ചിത്രയുണ്ട്. ആരെയും ലയിപ്പിക്കും സ്വരമാധുരിയും നിഷ്‌കളങ്കമായ വിനയം തുളുമ്പുന്ന പ്രതിഭയ്ക്ക് ചെറുപുഞ്ചിരിക്കും ഇന്നും ആരാധകരേറെയാണ് . നാല് പതിറ്റാണ്ടിലേറെയായി മലയാളിമനസുകളില്‍ ചേക്കേറിയ സ്വരമാധൂര്യത്തിന്റെ പേരാണ് കെഎസ് ചിത്ര. നമ്മുടെയൊക്കെ വിവിധ കാലഘട്ടത്തില്‍ കെഎസ് ചിത്രയുടെ ഗാനങ്ങളില്‍ ലയിച്ചിരുന്ന നിമിഷങ്ങള്‍ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടാകും. പ്രായഭേദമന്യേ സംഗീത പ്രേമികളിലേക്ക് ചിത്രയുടെ ഗാനങ്ങള്‍ നെഞ്ചിലേറ്റിയിട്ടുണ്ട്. സംഗീതപ്രേമികള്‍ക്ക് കെഎസ് ചിത്രയുടെ സ്വരമാധൂര്യമെത്തിയത് പല ഭാവങ്ങളിലൂടെയായിരുന്നു. പ്രണയവും വിരഹവും വിഷാദവും സ്വപ്നവും ആസ്വാദനവും എന്നിങ്ങനെ പല ഭാവങ്ങളില്‍ മലയാളത്തിന്റെ വാനമ്പാടിയായി ചിത്ര മാറി. 1979ല്‍ എംജി രാധാകൃഷ്ണന്റെ സംഗീതത്തില്‍ അട്ടഹാസമെന്ന ചിത്രത്തിലെ ചെല്ലം ചെല്ലം എന്ന ഗാനത്തിലൂടെയാണ് അരങ്ങേറ്റം. എംജി രാധാകൃഷ്ണന്‍ ഈണമിട്ട രജനി പറയൂ എന്ന ഗാനമാണ് ചിത്രയുടെ കരിയറിലെ ആദ്യ ഹിറ്റ്. പിന്നീട് തെന്നിന്ത്യയിലേക്കും ചിത്ര ചുവടുവെച്ചു. തമിഴ് സിനിമയിലെ ഗാനത്തില്‍ നിന്നുമാണ് ചിത്രയെ തേടി ആദ്യമായി ദേശീയ പുരസ്‌കാരമെത്തുന്നത്. 1986-ല്‍ പുറത്തിറങ്ങിയ പാടറിയേന്‍ പഠിപ്പറിയേന്‍ എന്ന ഗാനത്തിനായിരുന്നു ചിത്രയ്ക്ക് ആദ്യ ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. തൊട്ടടുത്ത വര്‍ഷം തന്നെ മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി എന്ന ഗാനത്തിന് മലയാളഗാനാലാപനത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു.മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് ചിത്രയ്ക്ക് ആറ് പ്രാവശ്യം ലഭിച്ചു. കേരള സംസ്ഥാന പുരസ്‌കാരം 16 തവണയും ലഭിച്ചു. നാല് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലെ അവാര്‍ഡും മലയാളത്തിന്റെ വാനമ്പാടിക്ക് ലഭിച്ചു. പത്മഭൂഷന്‍ നല്‍കി രാജ്യം ആദരിച്ചു. പിന്നീടങ്ങോട്ട് സിനിമ സംഗീതത്തില്‍ തന്നെ അവിഭാജ്യഘടകമായി ആ ശബ്ദം മാറുകയായിരുന്നു. 18,000 ഗാനങ്ങളാണ് കെഎസ് ചിത്ര ആലപിച്ചിട്ടുള്ളത്. ഭാവതീവ്രമായ ഗാനാലാപനത്തിന് ആറ് ദേശീയ പുരസ്‌കാരങ്ങളും വിവിധ സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. പത്മശ്രീ അടക്കമുള്ള പുരസ്‌കാരങ്ങള്‍ ചിത്രയെ തേടിയെത്തിപ്പോഴും നിഷ്‌കളങ്കമായ പുഞ്ചിരിയോട് കൂടിയാണ് ഏറ്റുവാങ്ങിയിട്ടുള്ളത്.