Tuesday, May 14, 2024
indiaNewsSports

വിരാട് കോലി സ്വന്തമാക്കിയത് അപൂര്‍വനേട്ടം.

മുംബൈ: മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ ക്യാപ്റ്റനായി തിരിച്ചെത്തി ന്യൂസിലന്‍ഡിനെ കീഴടക്കി ഇന്ത്യക്ക് വിജയവും പരമ്പരയും സമ്മാനിച്ചതിന് പിന്നാലെ കളിക്കാരനെന്ന നിലയില്‍ വിരാട് കോലി സ്വന്തമാക്കിയത് അപൂര്‍വനേട്ടം. ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും 50 വിജയങ്ങളില്‍ പങ്കാളിയാവുന്ന ലോക ക്രിക്കറ്റിലെ ആദ്യ കളിക്കാരനെന്ന നേട്ടമാണ് മുംബൈ ടെസ്റ്റിലെ വിജയത്തോടെ വിരാട് കോലി സ്വന്തമാക്കിയത്.ന്യൂസിലന്‍ഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ വിശ്രമമെടുത്ത കോലി ക്യാപ്റ്റനായി തിരിച്ചെത്തിയ രണ്ടാം ടെസ്റ്റില്‍ ടീമിന് കൂറ്റന്‍ ജയവും പരമ്പരയും സമ്മാനിച്ചിരുന്നു. കളിക്കാരനെന്ന നിലയില്‍ വിരാട് കോലിയുടെ അമ്പതാമത് ടെസ്റ്റ് ജയമായിരുന്നു മുംബൈയിലേത്. ഏകദിനത്തില്‍ 153 ജയങ്ങളിലും ടി20യില്‍ 59 ജയങ്ങളിലും കോലി പങ്കാളിയായി.മുംബൈ ടെസ്റ്റിലെ ജയത്തോടെ നാട്ടില്‍ തുടര്‍ച്ചയായ പതിനാലാം ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ വിജയകരമായി സ്വന്തമാക്കുന്നത്. ജയത്തോടെ ലോക ടെസ്റ്റ് ടീം റാങ്കിംഗില്‍ ന്യൂസിലന്‍ഡിനെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ കോലിക്ക് കീഴില്‍ നാട്ടില്‍ തുടര്‍ച്ചയായ പതിനൊന്നാമത്തെ പരമ്പരയാണ് ഇന്ത്യ ജയിക്കുന്നത്.1988നുശേഷം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര ജയിക്കാന്‍ ന്യൂസിലന്‍ഡിനായിട്ടില്ല. കാണ്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 52 പന്ത് പ്രതിരോധിച്ചു നിന്ന അവസാന വിക്കറ്റ് കൂട്ടുകെട്ടിന്റെ മികവില്‍ അത്ഭുത സമനില സ്വന്തമാക്കിയ കിവീസിന് പക്ഷെ മുംബൈയിലെ ടേണിംഗ് പിച്ചില്‍ കാലിടറി. ആദ്യ ഇന്നിംഗ്‌സില്‍ 62 റണ്‍സിനും രണ്ടാം ഇന്നിംഗ്‌സില്‍ 167 റണ്‍സിനും പുറത്തായ ന്യൂസിലന്‍ഡ് 372 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് വഴങ്ങിയത്.