Sunday, April 28, 2024
keralaNewspolitics

വി.എന്‍ വാസവന്‍ മന്ത്രിപദത്തില്‍….

വ്യക്തി ജീവിതത്തിലും രാഷ്ട്രീയത്തിലും പ്രതിസന്ധികളോട് പടവെട്ടി ഡിവൈഎഫ്ഐയെയും സിപിഐഎമ്മിനെയും കോട്ടയത്തിന്റെ മണ്ണില്‍ ആഴത്തില്‍ വേരോടിച്ച പ്രിയ നേതാവാണ് വി.എന്‍ വാസവന്‍. വികസനത്തിന്റെയും സ്നേഹത്യാഗത്തിന്റെയുമൊക്കെ ജനകീയ മുഖമായ വിഎന്‍ വാസവന്‍ മന്ത്രിപദത്തിലെത്തുമ്പോള്‍ ഓരോ കേരളീയനും അഭിമാനിക്കേണ്ട നിമിഷം കൂടിയാണ്,മറ്റക്കര വെള്ളേപ്പള്ളിയില്‍ നാരായണന്റെയും കാര്‍ത്ത്യായനിയുടെയും മകനായി ജനിച്ച വിഎന്‍ വാസവന്റെ ചെറുപ്പം ഇല്ലായ്മകളോടുള്ള പോരാട്ടമായിരുന്നു. പഠനവും ജീവിതവും ഒന്നിച്ച് കൊണ്ടുപോകാന്‍ സാധിക്കാത്ത സ്ഥിതിയില്‍ മികച്ച മാര്‍ക്കോടെ പത്താം ക്ലാസ്സ് പാസായെങ്കിലും തുടര്‍ പഠനത്തിന് ഫീസ് തടസമായപ്പോള്‍ എളുപ്പം തൊഴില്‍ ലഭിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ മേഖലയിലേക്കായി.

ഏറ്റുമാനൂര്‍ ഐ ടി ഐയിലെ വിദ്യാഭ്യാസകാലം വാസവനെ ഇടുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലേക്ക് അടുപ്പിച്ചു. വീട്ടിലെയും നാട്ടിലെയും അന്തരീക്ഷം ഏതു ചെറുപ്പക്കാരനെയും പോലെ വാസവനെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സജീവ പോരാളിയാക്കി. വാസവന്‍ എന്ന കമ്മ്യൂണിസ്റ്റുകാരനെ വളര്‍ത്തിയത് നാട്ടിലെ ജ്ഞാനപ്രബോദിനി ഗ്രന്ഥശാല ആയിരുന്നു. അവിടുത്തെ വൈകുന്നേരങ്ങള്‍ പുസ്തകളുമായി കൂടുതല്‍ അടുപ്പിച്ചു. സ്‌കൂള്‍ പഠന കാലത്തേക്കാള്‍ കൂടുതല്‍ അറിവ് നല്‍കുന്നിടമായി ആ ലോകം.ഡിവൈഎഫഐ രൂപികരിക്കുന്ന സമയത്ത് കോട്ടയത്ത് നിന്ന് സംസ്ഥാന സമിതിയില്‍ , ജില്ലയില്‍ എല്ലാഗ്രാമങ്ങളിലും ഡി വൈ എഫ് ഐ യൂണിറ്റുകള്‍ എത്തിച്ച യുവ നേതൃത്വം. ഏറ്റെടുക്കുന്ന ഏതൊരു ദൗത്യവും വിജയകരമായി പൂര്‍ത്തിയാക്കുന്ന പാര്‍ട്ടിയിലെ ചെറുപ്പക്കാരന്‍. അടിയന്തരാവസ്ഥക്കാലത്ത് പലരും നാടു വിട്ടപ്പോള്‍ വാസവനെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തട്ടകമായിരുന്ന പാമ്പാടിയിലേക്ക് നേതാക്കള്‍ അയച്ചു .

മുതലാളിമാരുടെ ഗുണ്ടകളുടെ നിരന്തര ആക്രമണത്തിന് വിധേയമായ പ്രവര്‍ത്തനകാലം. അന്ന് താമസം പാമ്പാടിയിലെ പാര്‍ട്ടി ഓഫീസിലായിരുന്നു.പുതുപ്പള്ളിയില്‍ അഭ്യന്തരമന്ത്രിയെ കരിങ്കൊടിച്ച സമരത്തില്‍ പൊലീസിന്റെ ക്രൂരമര്‍ദനത്തിന് വിധേയനായി ആശുപത്രിയിലും പിന്നീട് ജയിലുമായി, ആ പൊലീസ് പീഡനത്തിന്റെ തീരാദുരിതങ്ങള്‍ ഇന്നും അനുഭവിക്കുന്നു.എന്നും എപ്പോഴും ജനങ്ങള്‍ക്കൊപ്പം അതാണ് വി എന്‍ വാസവന്‍. കോട്ടയത്ത് എന്തെങ്കിലും അത്യാഹിതമുണ്ടായാല്‍ ഫയര്‍ഫോഴ്സ് എത്തുന്നതിനു മുമ്പേ വാസവന്‍ എത്തുമെന്ന് ഞാന്‍ കേട്ടിട്ടുണ്ട് ‘.വാസവനെക്കുറിച്ച് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടേതാണ് ഈ കമന്റ്.

മഹാപ്രളയത്തില്‍ രക്ഷാപ്രവര്‍ത്തകനായ അദ്ദേഹം ദുരിതം വിതയ്ക്കുന്ന കൊവിഡില്‍ ജീവന്‍ മറന്നാണ് രോഗികള്‍ക്കരികിലെത്തിയത്. നിരവധി ജീവന്‍ പൊലിഞ്ഞ പാലാ ഐങ്കൊമ്പ്് ബസ് അപകടത്തിന് ദൃക്സാക്ഷിയായവര്‍ പറയുന്നുണ്ട് ആ നിശ്ചയദാര്‍ഢ്യം. അന്നവിടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കൈകൊണ്ട് കോരിയെടുത്ത് വാഹനത്തില്‍ കയറ്റിയ വാസവനെ ആരും മറക്കില്ല.കുമരകം ബോട്ട് ദുരന്തം, ശബരിമല മണ്ണിടിച്ചില്‍, പുല്ലുമേട് ദുരന്തം, തേക്കടി ദുരന്തം, താഴത്തങ്ങാടി ബസപകടം തുടങ്ങി പല സന്ദര്‍ഭങ്ങളിലും വാസവന്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ നേതൃനിരയില്‍ നിന്നു. ആറുവര്‍ഷമായി സിപിഐ എം കോട്ടയം ജില്ലാസെക്രട്ടറിയായിരുന്നു വി എന്‍ വാസവന്‍. 2006-11ല്‍ കോട്ടയം എംഎല്‍എയായി. പാര്‍ട്ടി സംസ്ഥാനകമ്മിറ്റിയംഗമായി നിലവില്‍ പ്രവര്‍ത്തിക്കുന്നു. ഹൈസ്‌കൂര്‍ അദ്ധ്യാപികയായി വിരമിച്ച ഗീതയാണ് ഭാര്യ. ഹിമയും ഗ്രീഷ്മയുമാണ് മക്കള്‍.