Saturday, May 4, 2024
educationkeralaNews

വിദ്യാര്‍ത്ഥിനിയ്ക്ക് കമ്പ്യൂട്ടര്‍ വേണം മീന്‍പിടിച്ച് ഉദ്യോഗസ്ഥര്‍

നിര്‍ധനയായ പെണ്‍കുട്ടിയ്ക്ക് കമ്പ്യൂട്ടര്‍ വാങ്ങാന്‍ മീന്‍പിടിക്കാന്‍ ഇറങ്ങി ഗസറ്റഡ് ഓഫീസര്‍മാര്‍. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ താമരശേരി ഏരിയ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിലാണ് ഇടപെടല്‍. കേരള സര്‍ക്കാരിന്റെ സുഭിക്ഷ പദ്ധതിയുടെ ഭാഗമായി സംഘടന സ്വാതന്ത്ര്യ ദിനത്തില്‍ മീന്‍ വളര്‍ത്തല്‍ ആരംഭിച്ചിരുന്നു. ആ മീനാണ് ഇപ്പോള്‍ വില്‍ക്കുന്നത്. നരിക്കുനിയില്‍ ഒരു കോളനിയിലെ കുട്ടിയ്ക്ക് വേണ്ടിയാണ് ഇടപെടല്‍.

അച്ഛനും അമ്മയും മൂന്ന് മക്കളുമൊക്കെയായി അച്ഛന്റെ കൂലി പണികൊണ്ടാണ് കുടുംബം കഴിയുന്നത്. പഠിക്കാന്‍ മിടുക്കിയായ കുട്ടിക്ക് കഴിഞ്ഞ വര്‍ഷം ബി.എഡിന് അഡ്മിഷന്‍ ലഭിച്ചിരുന്നു. എന്നാല്‍ പിന്നാലെ അച്ഛന്‍ തലച്ചോറില്‍ സ്ട്രോക്ക് വന്ന് കിടപ്പായി. ഇതോടെ എല്ലാം തകിടം മറിഞ്ഞു. ആശുപത്രികളില്‍ നിന്നും ആശുപത്രികളിലേക്കുള്ള അലച്ചിലുകള്‍ക്കിടയില്‍ കോഴ്‌സിന് ചേരാന്‍ ആ വര്‍ഷം കഴിഞ്ഞില്ല. കുടുംബം പുലര്‍ത്താന്‍ കൂലിവേലക്കിറങ്ങിയ അമ്മക്കും രോഗങ്ങള്‍ വന്നതോടെ അതും മുടങ്ങി.
അനിയന്‍ പഠിപ്പ് നിര്‍ത്തി പച്ചക്കറിക്കടയില്‍ ജോലിക്ക് പോകുന്നത് വരെ എത്തി കാര്യങ്ങള്‍. ഈ വര്‍ഷവും അതേ കോഴ്‌സിന് അഡ്മിഷന്‍ ലഭിച്ചിട്ടുണ്ട്. പക്ഷേ കുറച്ച് ദൂരെയാണ്. ഹോസ്റ്റല്‍ ഫീസും മെസ് ഫീസുമൊക്കെ വേണ്ടി വരും. ആ പ്രദേശത്തുകാരായ ഒരു യുവജന സംഘടന അത് ഏറ്റെടുക്കാനൊരുങ്ങിയിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ പഠനത്തിന് ഒരു ലാപ്‌ടോപ്പ് വളരെ അത്യാവശ്യമാണ്. കമ്ബനി മുക്കിലെ പാറക്കുളത്തില്‍ വള മത്സ്യകൃഷി വിളവെടുത്ത് അതുകൊണ്ട് കിട്ടുന്ന തുക കൊണ്ട് ലാപ്ടോപ് വാങ്ങാമെന്നാണ് കമ്മിറ്റിയുടെ തീരുമാനം. അംഗങ്ങള്‍ തന്നെ വാങ്ങുന്നതിന് ബുക്കു ചെയ്തതിനാല്‍ വില്‍പന ഇനി പ്രശ്‌നമല്ല. മത്സ്യം വിറ്റുകിട്ടുന്ന ഇരുപത്തി അയ്യായിരം രൂപയ്ക്ക് വാങ്ങിയ ലാപ്ടോപ് വിദ്യാര്‍ത്ഥിനിക്ക് കൈമാറും.