Saturday, May 4, 2024
indiaNews

ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയത്തില്‍പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു; 171 പേരെ ഇനിയും കണ്ടെത്താനുണ്ട്.

ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയത്തില്‍പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. ഇന്നലെ രാത്രി വരെ 28 മൃതദേഹങ്ങള്‍ ആണ് കണ്ടെത്താന്‍ ആയത്. 171 പേരെ ഇനിയും കണ്ടെത്താനുണ്ട് എന്നാണ് വിവരം. ഇതില്‍ 150ഓളം പേര്‍ ദുരന്തം ഏറ്റവും കൂടുതല്‍ നാശം വിതച്ച ചമോലി ജില്ലയിലെ തപോവനില്‍ നിന്നുള്ളവരാണ്. തപോവനിലെ ജലവൈദ്യുതി നിലയത്തിന് അടുത്തുള്ള തുരങ്കത്തില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. തുരങ്കത്തിന് അകത്തേക്ക് കടക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ജെ.സി.ബി കൊണ്ട് തുരന്ന് 100 മീറ്ററോളം അകത്തേക്ക് കടക്കാനാണ് സൈന്യത്തിന്റെയും ദുരന്ത നിവാരണ സേനയുടെയും ശ്രമം. ചെളിയും മണ്ണും പാറക്കെട്ടുകളും നിറഞ്ഞതിനല്‍ ഈ ദൗത്യം ദുഷ്‌കരമാണ്. മുപ്പത്തിയഞ്ചോളം പേര്‍ തുരങ്കത്തിന് അകത്തുണ്ട് എന്നാണ് നിഗമനം. തപോവനിലെ ജലവൈദ്യുതി നിലയത്തിന്റെ ടണല്‍ തകര്‍ന്നുളള ഒഴുക്കില്‍ പെട്ടവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ മറൈന്‍ കമാന്‍ഡോയും മുങ്ങല്‍ വിദഗ്ധരും രാവിലെ പുനരാരംഭിക്കും. ഒഴുക്കില്‍ പെട്ടവരുടെ മൃതദേഹം 120 കിലോ മീറ്റര്‍ അകലെ നിന്നുവരെ കണ്ടെത്തിയ്യുണ്ട്. അതിനാല്‍ ഗംഗ നദിയിലുടനീളം തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.