Friday, May 3, 2024
educationkeralaNews

വിദ്യാര്‍ത്ഥി സമരം: ചില തത്പര കക്ഷികള്‍ അജന്‍ഡ നടപ്പാക്കാന്‍ ശ്രമിക്കുന്നു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളേജിലെ വിദ്യാര്‍ത്ഥി ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട സമരത്തിന് പിന്നില്‍ തത്പര കക്ഷികളുടെ അജണ്ടയാണെന്ന് വിമര്‍ശിച്ച് കാഞ്ഞിരപ്പള്ളി അതിരൂപത രംഗത്ത്. ചില തത്പര കക്ഷികള്‍ അജന്‍ഡ നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്നും ക്രിസ്ത്യന്‍ സ്ഥാപനങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന പ്രവണത അടുത്തകാലത്ത് കണ്ടുവരുന്നത് സങ്കടകരമാണെന്നും വികാരി ജനറല്‍ വിമര്‍ശിച്ചു. ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട് സത്യം അന്വേഷണ ഏജന്‍സികള്‍ പുറത്തു കൊണ്ടുവരണം. സംഭവവുമായി ബന്ധപ്പെട്ട് കോളേജ് മാനേജ്‌മെന്റിന് വീഴ്ച പറ്റിയിട്ടില്ല. 16 തിയറി പേപ്പറുകളില്‍ 13 എണ്ണത്തിലും ശ്രദ്ധ തോറ്റിരുന്നു. ലാബില്‍ ഫോണ്‍ ഉപയോഗിച്ചതിനാലാണ് ഫോണ്‍ പിടിച്ചു വച്ചത്. ഇക്കാര്യം കുട്ടിയുടെ വീട്ടില്‍ അറിയിച്ചിരുന്നു. സംഭവ ദിവസം സന്ധ്യയ്ക്ക് കുട്ടിയുടെ അമ്മ ഫോണില്‍ വിളിച്ചിട്ടും സംസാരിക്കാന്‍ ശ്രദ്ധ തയാറായിരുന്നില്ലെന്നും രൂപത വികാരി ജനറല്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ പറഞ്ഞു. വിദ്യാര്‍ത്ഥി സമരം രൂക്ഷമായ കോളേജില്‍ പ്രശ്‌നം പരിഹരിക്കാന സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നതോടെ സംഭവം സംസ്ഥാന തലത്തില്‍ ചര്‍ച്ചയാകുകയാണ് .ശ്രദ്ധയുടെ മരണത്തിന് കാരണക്കാരായ അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വിദ്യാര്‍ത്ഥി സംഘടനകളായ എബിവിപി , കെ എസ് യു , എസ് എഫ് ഐ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും സഹകരണ മന്ത്രി വിഎന്‍ വാസവനും നാളെ കോളേജ് സന്ദര്‍ശിക്കും. മാനേജ്‌മെന്റുമായും വിദ്യാര്‍ത്ഥികളുമായും സംഘം ചര്‍ച്ച നടത്തും. സാങ്കേതിക സര്‍വകലാശാല രണ്ടംഗ അന്വേഷണ കമ്മീഷനെ പരാതികള്‍ പരിശോധിക്കാന്‍ നിയോഗിച്ചു. ഈ സംഘവും നാളെ നേരിട്ട് കോളേജിലെത്തി തെളിവെടുപ്പ് നടത്തും.