പ്രശസ്ത നിര്‍മ്മാതാവ് ജനറല്‍ പിക്ചേഴ്സ് രവി അന്തരിച്ചു
കൊല്ലം: പ്രമുഖ സിനിമ നിര്‍മ്മാതാവും – കശുവണ്ടി വ്യവസായിയുമായിരുന്ന കെ രവീന്ദ്രനാഥന്‍ നായര്‍ (90) അന്തരിച്ചു. അച്ചാണി, കാഞ്ചനസീത, കുമ്മാട്ടി, എലിപ്പത്തായം, മുഖാമുഖം, അനന്തരം, വിധേയന് തുടങ്ങിയവ പ്രശസ്ത ജനറല്‍ പിക്ചേഴ്സ് ചിത്രങ്ങളാണ്. നവതിക്ക് പിന്നാലെയാണ് മരണം. ജൂലൈ 6 ന് ആയിരുന്നു നവതി. കൊല്ലം സ്വദേശി വെണ്ടര്‍ കൃഷ്ണപിളളയുടെയും നാണിയമ്മയുടെയും എട്ട് മക്കളില്‍ അഞ്ചാമനായി 1933 ജൂലൈ മൂന്നിനാണ് രവീന്ദ്രനാഥന്‍ നായരുടെ ജനനം. സ്കൂള്‍ വിദ്യാഭ്യാസം കൊല്ലം കന്റോണ്‍മെന്റ് ബേസിക് ട്രെയിനിംഗ് സ്ക്കൂളിലും ഗവ. ബോയ്സ് ഹൈസ്ക്കൂളിലും പൂര്‍ത്തിയാക്കി. 1955 ല്‍ കോമേഴ്സ് ഐച്ഛിക വിഷയമായി ബിരുദം നേടിയ ശേഷം കശുവണ്ടി വ്യവസായരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. പിതാവിന്റെ മരണത്തോടെ ബിസിനസ് ഏറ്റെടുത്തു. അദ്ദേഹത്തിന്റെ വിജയലക്ഷ്മി കാഷ്യൂസ് കേരളത്തിലും പുറത്തും 115 ഫാക്ടറികളുളള വലിയ ബിസിനസ് ശൃംഖലയായി.1967-ലാണ് ജനറല്‍ പിക്ചേഴ്സ് എന്ന സിനിമാ നിര്‍മ്മാണ കമ്പനി ആരംഭിക്കുന്നത്. സത്യനെ നായകനാക്കി അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന ചിത്രത്തിലൂടെ നിര്‍മ്മാണ രംഗത്തേക്ക് കടന്നു. പി ഭാസ്കരന്, എ വിന്‍സെന്റ് , എം ടി വാസുദേവന്‍ നായര്‍, അടൂര്‍ ഗോപാലകൃഷ്ണന് എന്നിവരുടെ ചിത്രങ്ങളുടെ നിര്‍മ്മാതാവായി. 1973-ല്‍ പുറത്തിറങ്ങിയ അച്ചാണി എന്ന സിനിമ ഹിറ്റായതോടെ അച്ചാണി രവി എന്നറിയപ്പെട്ടു തുടങ്ങി. ആകെ നിര്‍മിച്ച 14 സിനിമകള്‍ക്ക് 18 ദേശീയ, സംസ്ഥാന പുരസ്കാരങ്ങളാണ് ലഭിച്ചത്. അച്ചാണിയുടെ ലാഭം ഉപയോഗിച്ച് കൊല്ലം പബ്ലിക് ലൈബ്രറിയും സോപാനം ഓഡിറ്റോറിയവും നിര്‍മ്മിച്ചത് രവിയാണ്. ചില്‍ഡ്രന്‍സ് ലൈബ്രറിയും ആര്‍ട്ട് ഗ്യാലറിയും ഉള്‍പ്പെട്ട ഇത് ഇപ്പോള്‍ കൊല്ലത്തെ സാംസ്കാരിക കേന്ദ്രമാണ്. സിനിമയിലെ സമഗ്ര സംഭാവനയ്ക്ക് 2008-ല്‍ ജെ.സി.ഡാനിയേല്‍ പുരസ്കാരം നല്കി സര്‍ക്കാര്‍ ആദരിച്ചു. ഗായികയായിരുന്ന ഭാര്യ ഉഷ രവി 2013-ല്‍ അന്തരിച്ചു. പ്രതാപ് നായര്‍, പ്രകാശ് നായര്‍, പ്രീത എന്നിവരാണ് മക്കള്‍.