Sunday, May 12, 2024
keralaNewsObituary

പത്മശ്രീ ശങ്കരനാരായണ മേനോന്‍ അന്തരിച്ചു

തൃശൂര്‍ : കളരി ഗുരുക്കളായി 75 വര്‍ഷം പിന്നിട്ട പത്മശ്രീ ശങ്കരനാരായണ മേനോന്‍ (93) അന്തരിച്ചു. ചാവക്കാട് വല്ലഭട്ട കളരിസംഘത്തിലെ കളരി ഗുരുക്കളായിരുന്നു. 2022-ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു.                                                            കളരി ഗുരുക്കളായി 75 വര്‍ഷം പിന്നിട്ടുമ്പോഴാണ് മരണം. ചാവക്കാട് വല്ലഭട്ട കളരി സംഘത്തിലെ കാരണവരായ മുടവങ്ങാട്ടില്‍ ശങ്കരനാരായണ മേനോന്‍ എന്ന ഉണ്ണി ഗുരുക്കളില്‍ നിന്ന് കളരി അഭ്യസിച്ചത് പല തലമുറകളാണ്. ബെല്‍ജിയത്തിലും ഫ്രാന്‍സിലുമടക്കം നിരവധി രാജ്യങ്ങളില്‍ ശാഖകള്‍ തുറന്ന് കളരിപ്പയറ്റിന്റെ പെരുമ വിദേശനാടുകളിലെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 50-ഓളം രാജ്യങ്ങളില്‍ അദ്ദേഹം കളരിപ്പയറ്റ് അവതരിപ്പിച്ചുണ്ട്.2019ല്‍ കേരള ഫോക്ലോര്‍ അക്കാദമി ഗുരുപൂജ പുരസ്‌കാരവും കേരള കലാമണ്ഡലം സില്‍വര്‍ ജൂബിലി അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. പിന്നീട് നെഹ്റു യുവകേന്ദ്ര, സുവര്‍ണമുദ്ര, ഇന്ത്യന്‍ കളരിപ്പയറ്റ് അസോസിയേഷന്റെ ആജീവനന്ത ബഹുമതി തുടങ്ങി നിരവധി ബഹുമതികള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2022-ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു. മലപ്പുറം തിരൂരിനടുത്ത് നിറമരുതൂരില്‍ കളരിപ്പയറ്റ് വിദഗ്ധരുടെ കുടുംബത്തില്‍ മുടവങ്ങാട്ട് തറവാട്ടിലെ ശങ്കുണ്ണിപ്പണിക്കരുടെയും ചുണ്ടയില്‍ കല്യാണിക്കുട്ടി അമ്മയുടെയും മൂന്നാമത്തെ പുത്രനായി 1929-ലായിരുന്നു ജനനം. പിതാവില്‍ നിന്നാണ് കളരിയുടെ ആദ്യചുവടുകള്‍ അഭ്യസിച്ചത്.