Saturday, April 27, 2024
Local NewsNews

കാഞ്ഞിരപ്പള്ളി മേരീക്വീൻസിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ നടന്ന ലോക പരിസ്ഥിതി ദിനാചരണം സംഘാടന മികവുകൊണ്ട് വ്യത്യസ്തമായി. കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ നവ സംരംഭമായ പുതുപ്പള്ളി സെൻ്റ് ആൻറണീസ് ആയുർവേദ ഹോസ്‌പിറ്റലിൻ്റെ സാങ്കേതിക സഹകരണത്തോടെ മേരീക്വീൻസിൽ നടപ്പാക്കുന്ന “മേരീക്വീൻസിനൊരു ഔഷധത്തോട്ടം” പദ്ധതിയുടെ ഉദ്‌ഘാടനം ഹോസ്‌പിറ്റൽ ജോയിന്റ് ഡയറക്ടറും, ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്ററുമായ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ നിർവ്വഹിച്ചു.                     മേരീക്വീൻസ് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി പൊതുജനങ്ങൾക്കായി വിവിധ ഫലവൃക്ഷത്തൈകൾ സൗജന്യമായി വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്‌ഘാടനം ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. ജോസഫ് കുറിച്യപറമ്പിൽ സി.എം.ഐ നിർവ്വഹിച്ചു. മേരീക്വീൻസ് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആശുപത്രി ജീവനക്കാർക്കും, നവജാത ശിശുക്കളുടെ മാതാപിതാക്കൾക്കും ഫലവൃക്ഷത്തൈകൾ സൗജന്യമായി വിതരണം ചെയ്തു. ഒപ്പം ആശുപത്രി ജീവനക്കാർ പ്രകൃതി സൗഹാർദ്ദ പ്രതിജ്ഞയെടുത്തു. പ്രസ്‌തുത ചടങ്ങിൻ്റെ ഉദ്‌ഘാടനം മേരീക്വീൻസ് പാസ്റ്ററൽ കെയർ വിഭാഗം ഡയറക്ടർ ഫാ. ഇഗ്‌നേഷ്യസ് പ്ലാത്താനം സി.എം.ഐ നിർവ്വഹിച്ചു. കാഞ്ഞിരപ്പളളി ഇരുപത്തിയാറാം മൈൽ മുതൽ കുളപ്പുറം വരെയുള്ള സംസ്ഥാനപാതയിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിച്ചു, മേരീക്വീൻസ് ജീവനക്കാരുടെ മേൽനോട്ടത്തിൽ പാത വൃത്തിയാക്കി. പരിപാടികൾക്ക് മേരീക്വീൻസ് പബ്ലിക് റിലേഷൻസ് വിഭാഗത്തിലെ സോണി, കിരൺ, വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ജീവനക്കാർ എന്നിവർ മേൽനോട്ടം വഹിച്ചു.