Wednesday, May 1, 2024
keralaNewspolitics

വാഗമണ്ണിലെ വാച്ച് ടവര്‍ അപകട ഭീഷണിയാകുന്നു.

ഈരാറ്റുപേട്ട വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിലേക്കുള്ള റോഡില്‍ കാരികാട് ടോപ്പില്‍ ദൂര കാഴ്ചക്കായി നിര്‍മ്മാണം പൂര്‍ത്തിയാകാത്ത വാച്ച് ടവര്‍ റോഡ് കൂടിയ വെയിറ്റിങ് ഷെഡ് അപകട ഭീഷണിയാകുന്നു.സംരക്ഷണ ഭിത്തിയില്ലാത്തതാണ് അകടത്തിന് സാധ്യതയാകുന്നത്. ടവറില്‍ കയറി ചിത്രമെടുക്കുവാന്‍ സഞ്ചാരികള്‍ കയറുന്നത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ടവറിന് മുകളില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ തല ഉയര്‍ത്തി നില്‍ക്കുന്ന കടുവയുടെ ശില്‍പത്തോട് ചേര്‍ന്ന് നിന്ന് സെല്‍ഫി എടുക്കുന്നവരുമുണ്ട്. നേരത്തെ താല്‍ക്കാലികമായി സംരക്ഷണ വേലികള്‍ സ്ഥാപിച്ചിരുന്നെങ്കിലും അവയെല്ലാം ഇപ്പോള്‍ നശിച്ച നിലയിലാണ്.
പി.സി. ജോര്‍ജ് എം.എല്‍.എയുടെ വികസന ഫണ്ടില്‍ നിന്നുള്ള 40 ലക്ഷം രൂപ മുടക്കിയാണ് ടവര്‍ നിര്‍മാണം ആരംഭിച്ചത്. മുകള്‍ നിലയില്‍ കാന്റീനും ടെലിസ്‌കോപ് അടക്കമുള്ള നിരീക്ഷണസൗകര്യവുമാണ് ലക്ഷ്യമിട്ടിരുന്നത്. ഒരേ സമയം 30 പേര്‍ക്ക് ഇവിടെ നിന്ന് കാഴ്ചകള്‍ കാണാം. തെളിഞ്ഞ കാലാവസ്ഥയില്‍ കിലോമീറ്ററുകള്‍ ദൂരത്തില്‍ ഇവിടെ നിന്നാല്‍ കാണാമെന്നതാണ് ടവറിന്റെ ആകര്‍ഷണീയത. കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് 300 അടിയോളം താഴ്ചയുള്ള അപകടകരമായ കൊക്കയായതിനാല്‍ ഇവിടെ യാത്രക്കാര്‍ സെല്‍ഫിയെടുക്കുവാന്‍ ശ്രമിക്കുന്നത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഈരാറ്റുപേട്ടയില്‍ നിന്ന് വാഗമണിലേക്കുള്ള വഴിയില്‍ ഏറ്റവും മനോഹരമായ മേഖലയാണ് കാരികാട് ടോപ്പ്. റോഡ് വികസനത്തിന്റെ ഭാഗമായി ഇവിടെ റോഡ് വീതി കൂട്ടിയതോടെ വാഹനം പാര്‍ക്ക് ചെയ്ത് ഇവിടെയിറങ്ങുന്നവരുടെ എണ്ണവും വര്‍ധിച്ചു. വീശിയടിക്കുന്ന കനത്ത കാറ്റാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഞ്ചായത്ത് വെയിറ്റിംഗ് ഷെഡ് ഇരുന്ന സ്ഥലത്താണ് വാച്ച്ടവര്‍ നിര്‍മ്മാണം ആരംഭിച്ചത്. വെയിറ്റിങ് ഷെഡിന്റെ സൗകര്യങ്ങളോട് കൂടി
വാച്ച്ടവര്‍ നിര്‍മ്മിക്കുമെന്നും കെട്ടിടം പഞ്ചായത്തിന് കൈമാറുമെന്നുള്ള ധാരണയിലായിരുന്നു പണി ആരംഭിച്ചത്. പഞ്ചായത്തിന്റെ നിര്‍ദ്ദേശാനുസരണം പൊതുമരാമത്ത് അധികൃതര്‍ താല്‍ക്കാലിക സംരക്ഷണവേലി കഴിഞ്ഞദിവസം നിര്‍മ്മിച്ചിട്ടുണ്ട്.