Friday, March 29, 2024
keralaNews

ടൂറിസം വകുപ്പിന്റെ അവഗണന; ഇടപ്പാടിയിൽ അന്താരാഷ്ട്ര ശ്രീനാരായണ ഗുരുദേവ പഠന കേന്ദ്രത്തിനായി നിർമ്മിച്ച കെട്ടിടം നോക്കുകുത്തിയാകുന്നു 

പാലാ: അന്താരാഷ്ട്ര ശ്രീനാരായണ ഗുരുദേവ പഠന കേന്ദ്രത്തിനായി ലക്ഷങ്ങൾ ചിലവഴിച്ച്  നിർമ്മിച്ച കെട്ടിടം നോക്കുകുത്തിയാകുന്നു.ഇടപ്പാടി ആനന്ദഷൺമുഖ ക്ഷേത്രത്തിലാണ്  ശ്രീനാരായണ സന്ദേശങ്ങൾ പ്രചരിപ്പിക്കുവാൻ ലക്ഷ്യമിടുന്ന കേന്ദ്രത്തിനായി ഹരിതടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിടം നിർമ്മിച്ചത്.
ഒന്നരക്കോടി രൂപയാണ് കേന്ദ്രത്തിനായി ടൂറിസം വകുപ്പ് അനുവദിച്ചതെങ്കിലും  85 ലക്ഷം രൂപ മുടക്കി 3000 ചതുരശ്ര അടി വിസ്തീർണമുള്ള  കെട്ടിടത്തിന്റെ
പണി പൂർത്തീകരിക്കുകയായിരുന്നു. എന്നാൽ പണി പൂർത്തീകരിച്ചിട്ട്
ഏഴ് വർഷം കഴിഞ്ഞിട്ടും അന്താരാഷ്ട്ര ശ്രീനാരായണ ഗുരുദേവ പഠന കേന്ദ്രം ആരംഭിക്കാൻ കഴിഞ്ഞില്ല.പദ്ധതിക്കായി അനുവദിച്ച ബാക്കി തുകയ്ക്ക് ധ്യാനകേന്ദ്രവും പ്രാർത്ഥനാഹാളും പണിയുവാനാണ്‌ പദ്ധതിയിട്ടിരുന്നത്.
എന്നാൽ തുടർ പ്രവർത്തനങ്ങളുണ്ടായില്ലെന്ന് മാത്രമല്ല ഗുരുതരമായി അവഗണനയും – അനാസ്ഥയുമാണ്  ബന്ധപ്പെട്ടവരിൽ ഉണ്ടായതെന്നും നാട്ടുകാരും പറയുന്നു.കെട്ടിടം ഹരിത ടൂറിസം പദ്ധതിപ്രകാരം നിർമിച്ചതിനാൽ മറ്റ് ആവശ്യങ്ങൾക്കൊന്നും കെട്ടിടം വിനിയോഗിക്കാനും കഴിയില്ല.ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങളെക്കുറിച്ച് അന്താരാഷ്ട്ര തലത്തിലുള്ള പഠനം നടത്തുവാനും ആശയങ്ങൾ പ്രചരിപ്പിക്കുവാനും – സമഗ്ര ഗവേഷണകേന്ദ്രമാണ്  ഇവിടെ ലക്ഷ്യമിട്ടത്. ഗുരുദേവനെക്കുറിച്ചുള്ള പുസ്തകങ്ങളടങ്ങിയ ലൈബ്രറി ഇവിടെ സജ്ജമാക്കുവാനും പദ്ധതിയിട്ടിരുന്നു. ഇതിനാവശ്യമായ പുസ്തകങ്ങളും കെട്ടിടങ്ങളിലേക്കുള്ള ഉപകരണങ്ങളും ടൂറിസം വകുപ്പാണ് ലഭ്യമാക്കേണ്ടത്.
വിദ്യാർഥികൾക്ക് ഇവിടെയെത്തി പഠനവും ഗവേഷണവും നടത്താൻ സാധിക്കുംവിധമാണ് പഠന കേന്ദ്രം വിഭാവനം ചെയ്തിരുന്നത്.തുടർനടപടികൾക്ക് ടൂറിസം വകുപ്പ് അനാസ്ഥ കാണിക്കുകയാണ്. ക്ഷേത്രം ഭാരവാഹികൾ നിരവധിതവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല.1927 ജൂൺ ആറിന്  ശ്രീനാരായണ ഗുരുദേവൻ നേരിട്ടെത്തി പ്രതിഷ്ഠ നടത്തിയ പ്രമുഖ ക്ഷേത്രങ്ങളിലൊന്നാണ് ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രം.ഗുരുദേവൻ വേൽപ്രതിഷ്ഠ നടത്തിയ മൂന്ന് ക്ഷേത്രങ്ങളിലൊന്നുമാണ് ഈ വേൽമുരുക ക്ഷേത്രം.