Monday, May 6, 2024
HealthkeralaNews

വവ്വാലിനെ പിടികൂടാന്‍ കെണിയൊരുക്കി വിദഗ്ധ സംഘം

നിപ രോഗ ഉറവിടം കണ്ടെത്തുന്നതിനായി വവ്വാലിനെ പിടികൂടാന്‍ കെണിയൊരുക്കി വിദഗ്ധ സംഘം. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ കുറ്റിയോട്ടുപറമ്പിലാണ് വലവിരിച്ചിരിക്കുന്നത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നെത്തിയ വിദഗ്ധ സംഘവും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് കെണിയൊരുക്കിയത്. അതിനിടെ നിപ സമ്പര്‍ക്കത്തില്‍പ്പെട്ടവരുടെ പരിശോധന ഫലം നെഗറ്റീവാകുന്നത് വലിയ ആശ്വാസമാണ് സംസ്ഥാനത്തിന് നല്‍കുന്നത്.

രോഗം ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 88 പേരുടെ ഫലമാണ് ഇതുവരെ നെഗറ്റീവായത്. പൂനെ വൈറോളജി ലാബിലേക്കയച്ച രണ്ട് പേരുടെ ഫലം കൂടി വൈകാതെയെത്തും. ചാത്തമംഗലത്ത് വീടുകള്‍ കേന്ദ്രീകരിച്ചുളള സര്‍വ്വേയില്‍ ഇതുവരെ അസ്വാഭാവിക മരണം കണ്ടെത്താനായിട്ടില്ലെന്നതും ആശ്വാസമേകുന്നു. എങ്കിലും ചാത്തമംഗലത്തും സമീപ പ്രദേശങ്ങളിലും അതീവ ജാഗ്രത തുടരുകയാണ്. കൊവിഡ്, നിപ സാഹചര്യത്തില്‍ കോഴിക്കോട് നഗരത്തിലുള്‍പ്പെടെ പൊതുസ്ഥലങ്ങളില്‍ ആള്‍ക്കൂട്ടമുണ്ടാകാതെ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.