Friday, May 10, 2024
keralaNews

വരുമാനക്കുതിപ്പിന്റെ പാതയില്‍ പാലാ ഹെഡ് പോസ്റ്റോഫീസ്.

കോവിഡ് കാലത്ത് എല്ലാ രംഗവും വരുമാനത്തകര്‍ച്ച ചൂണ്ടിക്കാട്ടുമ്പോള്‍, വരുമാനക്കുതിപ്പിന്റെ പാതയില്‍ പാലാ ഹെഡ് പോസ്റ്റോഫീസ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നാല് കോടി രൂപയുടെ പാഴ്‌സല്‍ സര്‍വീസാണ് ഇവിടെ നിന്നും നടത്തിയത്. സംസ്ഥാനതലത്തില്‍ തന്നെ പാഴ്‌സല്‍ വരുമാനത്തില്‍ പാലാ ഹെഡ് പോസ്റ്റോഫീസ് ഒന്നാമതെത്തുകയും ചെയ്തു.ലോക്ഡൗണിനെ തുടര്‍ന്ന് തപാല്‍വഴി പാഴ്‌സല്‍ അയയ്ക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. നിരവധി സ്ഥാപനങ്ങള്‍ ബിസിനസ് ഓണ്‍ലൈന്‍ ആക്കിയതും നേട്ടമായി. സ്വകാര്യ കൊറിയര്‍ സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായി തപാല്‍വഴി അയയ്ക്കുന്ന പാഴ്‌സലുകള്‍ വീടുകളിലെത്തിക്കുന്നതും ആകര്‍ഷകമായി. ഇതുവഴി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പാലാ ഹെഡ് പോസ്റ്റോഫീസില്‍ നിന്നും രണ്ടരലക്ഷത്തോളം പാഴ്‌സലുകളാണ് ബുക്ക് ചെയ്യപ്പെട്ടത്. ഇതുവഴി നാല് കോടിയിലേറെ രൂപ വരുമാനമായി ലഭിച്ചു.പാഴ്‌സലുകളുടെ എണ്ണം വര്‍ധിച്ചതോടെ പാഴ്‌സല്‍ കൈകാര്യം ചെയ്യാനായി പ്രത്യേകം സെക്ഷന്‍ ആരംഭിക്കുകയും ജീവനക്കാരെ നിയോഗിക്കുകയും ചെയ്തു. പാലായിലെ എന്‍ട്രന്‍സ് കോച്ചിംഗ് സ്ഥാപനത്തിന്റെ പുസ്തകങ്ങളാണ് രാജ്യമെമ്പാടും അയയ്ക്കപ്പെടുന്ന പാഴ്‌സലുകളില്‍ ഏറിയപങ്കും. 20 കിലോവരെ ഭാരമുള്ള പാഴ്‌സലുകളാണ് കൂടുതലായും കൈകാര്യം ചെയ്യപ്പെടുന്നത്. തപാല്‍ പാഴ്‌സലുകള്‍ക്ക് പ്രചാരമായതോടെ ഇവ വേഗത്തില്‍ തന്നെ എത്തിക്കാനും അധികൃതര്‍ ശ്രദ്ധിക്കുന്നുണ്ട്.