Friday, May 17, 2024
Local NewsNews

എരുമേലിയില്‍ തീര്‍ത്ഥാടകേ വേഷത്തില്‍ സ്‌ക്വാഡ് : അമിത വില ഈടാക്കിയ കടകള്‍ക്ക് പിഴ

എരുമേലി : എരുമേലിയില്‍ താത്ക്കാലിക കടകളില്‍ നിശ്ചിത വിലയില്‍ നിന്നും അമിതമായി വില ഈടാക്കുന്നുവെന്ന പരാതിയില്‍ നടത്തിയ സ്‌പെഷ്യല്‍ റെയ്ഡില്‍ മൂന്ന് കടകള്‍ക്ക് പിഴ ചുമത്തി. 6 രൂപയുടെ സാമ്പിള്‍ സോപ്പിന് 10 രൂപയും , 30 രൂപ വിലയുള്ള ശീതള പാനീയത്തിന് 50 രൂപയും വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ജില്ലാ കലക്ടറുടെ കീഴിലുള്ള ഉദ്യോഗസ്ഥരുടെ സ്‌ക്വാഡ് കടയിലെത്തി സാധനങ്ങള്‍ക്ക് കടക്കാര്‍ പറയുന്ന വില കൊടുത്തതിന് വാങ്ങിയതിന് ശേഷമാണ് സംഭവം റെയ്ഡാണെന്ന് കടക്കാര്‍ തിരിച്ചറിയുന്നത്.

ഈ തീര്‍ത്ഥാടന വേളയില്‍ ഇത് ആദ്യമായാണ് തീര്‍ത്ഥാടകരുടെ വേഷത്തില്‍ പരിശോധനയ്ക്ക് സ്‌ക്വാഡ് എത്തുന്നത്. വൈകുന്നേരം ഏഴ് മണിക്ക് ആരംഭിച്ച പരിശോധനയില്‍ 3 കടകള്‍ക്കാണ് അമിത വില ഈടാക്കിയതില്‍ 5000 രൂപ വീതം പിഴ ഈടാക്കിയത്. രാത്രി വൈകിയും പരിശോധന തുടരുമെന്നും അധികൃതര്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസര്‍ ജയന്‍ ആര്‍ നായര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ റ്റി. സയര്‍ എന്നിവരാണ് തീര്‍ത്ഥാടക വേഷത്തില്‍ കറുപ്പ് ധരിച്ച് കടകളില്‍ എത്തി സാധനങ്ങള്‍ വാങ്ങിയത്.

പിന്നാലെ മറ്റ് ഉദ്യോഗസ്ഥര്‍ എത്തി അമിത വില ഈടാക്കിയതിന് പിഴ ചുമത്തും. ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ അനു ഗോപിനാഥ്, റേഷനിംഗ് ഇന്‍സ്പെക്ടര്‍ പി.വി സജീവ് കുമാര്‍ എത്തിവരാണ് സംഘത്തിലുള്ളത്. ജില്ലാ സപ്ലൈ ഓഫിസര്‍ സ്മിത ജോര്‍ജ് നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നും ഇവര്‍ പറഞ്ഞു.