Sunday, May 5, 2024
indiakeralaNews

റെയില്‍പാളത്തില്‍ വിള്ളലുകള്‍ ട്രെയിനുകള്‍ വൈകിയോടുന്നു

മംഗളൂരു കുലശേഖറിനും, പാടിലിനും ഇടയില്‍ റെയില്‍പാളത്തില്‍ വിള്ളലുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു ട്രെയിന്‍ റദ്ദാക്കുകയും, ആറ് ട്രെയിനുകളുടെ സര്‍വീസുകള്‍ മണിക്കൂറുകളോളം നിര്‍ത്തിവെക്കുകയും ചെയ്തു. പാളത്തിലെ ഏതാനും ക്ലിപ്പുകള്‍ തകര്‍ന്നത് ട്രാക്കിന്റെ ചുമതലയുള്ള റെയില്‍വെ ജീവനക്കാരന്‍ ചന്ദന്‍ കുമാറിന്റെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ അപകടം ഒഴിവായി. ഈ സമയം യോഗ നഗരി ഋഷികേശ് കൊച്ചുവേളി ട്രെയിന്‍ ഇതുവഴി വരുന്നുണ്ടായിരുന്നു. വിവരം നല്‍കിയതോടെ ഈ ട്രെയിന്‍ നിര്‍ത്തിയിട്ടു. ആറുമണിക്കൂറിന് ശേഷമാണ് പിന്നീട് യാത്ര തുടര്‍ന്നത്.

മംഗളൂരു സെന്‍ട്രല്‍ – മര്‍ഗാവോ ഇന്റര്‍സിറ്റി സ്പെഷ്യല്‍ ട്രെയിനും റദ്ദാക്കേണ്ടി വന്നു. തിരുവനന്തപുരം-നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസ്, ബംഗളൂരു-കാര്‍വാര്‍ എക്‌സ്പ്രസ്, നാഗര്‍കോവില്‍-ഗാന്ധിധാം എക്‌സ്പ്രസ്, മുംബൈ-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ്, എറണാകുളം ജംഗ്ഷന്‍ ഹസാറത്ത് നിസാമുദ്ദീന്‍ തുരന്തോ പ്രതിവാര എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ ഇതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ വൈകിയാണ് ഓടിയത്.