Monday, April 29, 2024
indiaNewsSports

ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് കേരളത്തിന്റെ പുത്തന്‍ താരോദയം;

കാസര്‍കോട് സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്‍ ഐപിഎല്‍ പ്രവശനത്തിന്റെ പടിവാതിലില്‍; രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയോ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയോ കളിച്ചേക്കും

ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് കേരളത്തിന്റെ പുത്തന്‍ താരോദയം കൂടി. കാസര്‍കോട് തളങ്കര സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്‍ ആണ് ആ താരോദയം. അസ്ഹറുദ്ദീന്‍ ഐപിഎല്‍ പ്രവശനത്തിന്റെ പടിവാതിലില്‍ എത്തിയിരിക്കയാണ്. രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയോ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയോ അസ്ഹറുദ്ദീന്‍ കളിച്ചേക്കും. രണ്ടു ടീമുകളുടെയും ട്രയല്‍സിനു വേണ്ടി അസ്ഹറുദ്ദീനു ക്ഷണം ലഭിച്ചിട്ടുണ്ട്.

ഇതില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയുള്ള രണ്ടു ദിവസത്തെ ട്രയല്‍സ് പൂര്‍ത്തിയാക്കി. മുഷ്താഖലി ക്രികെറ്റ് ടൂര്‍ണമെന്റിലെ മിന്നുന്ന പ്രകടനത്തിനു തൊട്ടുപിന്നാലെയായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ ട്രയല്‍സിന് അസ്ഹറിനു ക്ഷണം ലഭിച്ചത്. മുംബൈയില്‍ മുഖ്ത്താഖലി ക്രികെറ്റ് മത്സരം കഴിഞ്ഞ് ട്രയല്‍സുകൂടി പൂര്‍ത്തിയാക്കിയാണ് അസ്ഹര്‍ നാട്ടിലേക്കു മടങ്ങിയത്.

മുഷ്താഖലി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ മിന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തവണ തീര്‍ച്ചയായും അസ്ഹര്‍ ഐപിഎല്‍ കളിക്കുമെന്ന പ്രതീക്ഷയിലാണ് ക്രികെറ്റ് പ്രേമികളും സുഹൃത്തുക്കളും. ഈ ടൂര്‍ണമെന്റില്‍ 37 പന്തില്‍ സെഞ്ച്വറിയടിച്ചതോടെ ട്വന്റി20യിലെ ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും വേഗത കൂടിയ മൂന്നാമത്തെ സെഞ്ച്വറി എന്ന നേട്ടമാണ് അസ്ഹര്‍ സ്വന്തമാക്കിയത്. മൊത്തം 54 പന്തില്‍ 137 റണ്‍സായിരുന്നു അസ്ഹറിന്റെ നേട്ടം.

ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളില്‍ നാഗ്പൂരിലാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ട്രയല്‍സ്. ഇതില്‍ പങ്കെടുക്കുന്നതിനായി അസ്ഹര്‍ നാഗ്പൂരില്‍ എത്തി. ഫിറ്റ്നസ്, സ്‌കില്‍ പരിശോധനകള്‍ ഇവിടെ നടക്കും. മലയാളിയായ സഞ്ജു സാംസണ്‍ ആണ് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍. രാജസ്ഥാന്‍ റോയല്‍സിന്റെ ട്രയല്‍സ് പൂര്‍ത്തിയായ ഉടനെ വിജയ് ഹസാരെ ട്രോഫിക്കു വേണ്ടി വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടക്കുന്ന ക്യാംപില്‍ അസ്ഹര്‍ ചേരും.

ഫെബ്രുവരി 13നാണ് ഐപിഎല്‍ താരങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയെന്നാണ് ഇപ്പോഴത്തെ വിവരം. 18ന് ലേലം വിളി നടക്കും