Sunday, May 19, 2024
keralaNews

ആംബുലന്‍സ് കിട്ടിയില്ല;മുട്ടപ്പള്ളിയില്‍ റോഡില്‍ കുഴഞ്ഞുവീണ കിടന്ന മധ്യവയസ്‌കന് ഓട്ടോയില്‍ ആശുപത്രിയിലെത്തിച്ച് സിപിഎം – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍.

എരുമേലി: മുട്ടപ്പള്ളിയില്‍ റോഡരികില്‍ കുഴഞ്ഞുവീണ് കിടന്ന മധ്യവയസ്‌കന്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ യഥാസമയം ആശുപത്രിയിലെത്തിച്ച് ജീവന്‍ നല്‍കിയ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാതൃകയായി.എരുമേലി മുട്ടപ്പള്ളിയിലാണ് സംഭവം.കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് മുട്ടപ്പള്ളി വെയിറ്റിംഗ് ഷെഡ്ഡിങ് സമീപം കാനയ്ക്കല്‍ വീട്ടില്‍ കുഞ്ഞുമോന്‍ (55)കുഴഞ്ഞു വീണത്.നിലത്ത് വീണ് കിടന്ന കുഞ്ഞുമോന്റെ വായില്‍ നിന്നും വെളുത്ത നിറത്തിലുള്ള പത കൂടി വന്നതോടെ നാട്ടുകാരും പരിഭ്രാന്തരാകുകയായിരുന്നു.ഇതിനിടെ,കോവിഡ് രോഗികള്‍ക്ക് കിറ്റും -മരുന്നും നല്‍കി മടങ്ങി വരുകയായിരുന്ന സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ
രാജീവ് ഗാന്ധി ഇളയാനിത്തോട്ടം,ജോബി കുറ്റിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ഇടപെടലാണ് കുഞ്ഞുമോന് ജീവന്‍ തിരിച്ചു കിട്ടിയത്.
അവശ നിലയില്‍ കിടന്ന കുഞ്ഞുമോനെ എടുത്ത് ആശുപത്രിയില്‍ കൊണ്ടുപോകാനായി ആംബുലന്‍സ് വിളിച്ചെങ്കിലും അരമണിക്കൂര്‍ കാത്ത് നിന്നിട്ടും ആംബുലന്‍സ് വരാത്തതിനെ തുടര്‍ന്ന് ഓട്ടോയില്‍ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയില്‍ ഇവര്‍ എത്തിക്കുകയായിരുന്നു.എന്നാല്‍ അടിയന്തിരമായി വിദഗ്ദ ചികില്‍സ വേണമെന്നും മറ്റ് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.പ്രാഥമിക ചികില്‍സ നല്‍കിയതിന് ശേഷം ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് വീണ്ടും ഓട്ടോയില്‍ തന്നെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ കുഞ്ഞുമോനെ കൊണ്ടുപോകുകയായി.താലൂക്കാശുപത്രിയിലെ പരിശോധനയില്‍ ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്നതായും അടിയന്തിരമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.ഇതേ തുടര്‍ന്ന് സി പി എം നേതാക്കളുടെ സഹായത്തോടെ 108 ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യഥാ സമയം എത്തിക്കുകയും മികച്ച ചികില്‍സ നല്‍കുകയുമായിരുന്നുവെന്നും രാജീവ് ഗാന്ധി കേരള ബ്രേക്കിംഗ് ന്യൂസിനോട് പറഞ്ഞു.ചികില്‍സ നേടി മികച്ച ആരോഗ്യത്തിലെത്തിയ കുഞ്ഞുമോനെ ഇന്നലെ എരുമേലി ആശുപത്രിയിലേക്ക് തിരിച്ചു കൊണ്ടുവരുകയും ചെയ്തു.

കുഞ്ഞുമോനെ കോട്ടയത്ത് നല്ല ചികില്‍സ ലഭിക്കാനും തിരികെ പോകാനും വി എന്‍ വാസവന്‍ എം എല്‍ എയും,സി പി എം പാര്‍ട്ടിയും,സി പി എം മുക്കൂട്ടുതറ എല്‍ സി അംഗം ധര്‍മ്മ കീര്‍ത്തി,മുട്ടപ്പള്ളി ബ്രാഞ്ച് കമ്മറ്റി സെക്രട്ടറി പ്രസാദ് പി വി (സാബു),എന്നിവര്‍ ഏറെ സഹായിച്ചതായും ഇവര്‍ പറഞ്ഞു.റോഡില്‍ കുഴഞ്ഞു വീണ് കിടന്ന മദ്ധ്യവയസ്‌കനെ ധൈര്യപൂര്‍വ്വം ഓട്ടോയില്‍ ആശുപത്രിയില്‍ എത്തിച്ച രാജീവ് ഗാന്ധിയും,ജോബിയും മുട്ടപ്പള്ളിയുടെ അഭിമാനമായി മാറിയിരിക്കുകയാണ്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് മുക്കൂട്ടുതറ കേന്ദ്രീകരിച്ച് ആംബുലന്‍സ് സര്‍വ്വീസുകള്‍,ഭക്ഷ്യധാന്യ കീറ്റുകളുടെ വിതരണം അടക്കം വലിയ സേവനമാണ് ജനങ്ങള്‍ക്കായി പാര്‍ട്ടി ഒരുക്കിയിരിക്കുന്നത്.