Monday, April 29, 2024
indiaNews

റിപബ്ലിക് ദിന പരേഡില്‍ മികച്ച ടാബ്ലോയ്ക്കുളള പുരസ്‌കാരം യുപിക്ക്

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡിലെ ഈ വര്‍ഷത്തെ മികച്ച ടാബ്ലോയ്ക്കും, മികച്ച മാര്‍ച്ചിംഗ് സംഘങ്ങള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആഘോഷത്തില്‍ അണിനിരന്ന 21 സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങളില്‍ നിന്നും ഏറ്റവും മികച്ച ടാബ്ലേയ്ക്കുള്ള പുരസ്‌കാരം ഉത്തര്‍പ്രദേശ് സ്വന്തമാക്കി. അതേസമയം, ജനപ്രിയ വിഭാഗത്തില്‍ മഹാരാഷ്ട്രയുടെ നിശ്ചല ദൃശ്യത്തിനാണ് പുരസ്‌കാരം ലഭിച്ചത്.

മൂന്ന് സേന വിഭാഗങ്ങളില്‍ നിന്നും ഇന്ത്യന്‍ നാവിക സേനയുടെ മാര്‍ച്ചിംഗ് സംഘത്തിനെയാണ് മികച്ചതായി തിരഞ്ഞെടുത്തത്. ജനപ്രിയ മാര്‍ച്ചിംഗ് സംഘമായി ഇന്ത്യന്‍ വ്യോമ സേനയുടെ സംഘത്തെയും തിരഞ്ഞെടുത്തു.

സംസ്ഥാനത്തിന്റെ വിവിധ വികസന പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഉത്തര്‍പ്രദേശ് ഇക്കുറി നിശ്ചല ദൃശ്യം ഒരുക്കിയത്. ഒരു ജില്ല ഒരു ഉത്പന്നം പദ്ധതിവഴി ഓരോ ജില്ലയും വികസിപ്പിച്ചെടുത്ത തദ്ദേശീയവും പ്രത്യേകവുമായ ഉത്പന്നങ്ങളും കരകൗശല വസ്തുക്കളുമാണ് യുപി നിശ്ചലദൃശ്യത്തില്‍ പ്രകടിപ്പിച്ചത്.

കൂടാതെ കാശി ഇടനാഴിയേയും ടാബ്ലോയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 2017-18 കാലഘട്ടത്തിലാണ് ഇത്തരമൊരു പദ്ധതിയ്ക്ക് യോഗി സര്‍ക്കാര്‍ രൂപം നല്‍കിയത്. കഴിഞ്ഞവര്‍ഷം അയോദ്ധ്യ രാമക്ഷേത്രമാണ് യുപി നിശ്ചല ദൃശ്യമായി പ്രദര്‍ശിപ്പിച്ചത്.

പരമ്പരാഗത കരകൗശലത്തൊഴിലാളികളുടെ കളിത്തൊട്ടില്‍ എന്ന ചിത്രത്തെ അടിസ്ഥാനമാക്കി കര്‍ണാടകയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ‘സുഭാഷ് @125’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പാര്‍പ്പിട, നഗരകാര്യ മന്ത്രാലയത്തിന്റെ ടാബ്ലോയും ‘വന്ദേ ഭാരതം’ നൃത്ത സംഘവും പ്രത്യേക സമ്മാന വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തു.