Thursday, May 2, 2024
keralaNews

വീടിന് ജപ്തി; രോഗിയും വിധവയുമായ വീട്ടമ്മക്കും രണ്ടുകുട്ടികള്‍ക്കും ദുരവസ്ഥ

തിരുവനന്തപുരം കോവളത്ത് തകര്‍ന്നുവീഴാറായ വീടിന് ജപ്തി ഭീഷണി. വൈദ്യുതി ബന്ധം വിഛേദിക്കുകയും ചെയ്തു. രോഗിയും വിധവയുമായ വീട്ടമ്മയും രണ്ടുകുട്ടികളും അടങ്ങുന്ന കുടുംബത്തിനാണ് ഈ ദുരവസ്ഥ കോവളം ആഴാകുളം ചിറയില്‍ എസ് എല്‍ വിഹാറില്‍ ലത, ഐ.ടി.ഐ വിദ്യാര്‍ഥി അഭിജിത്, 10-ാം ക്ലാസില്‍ പഠിക്കുന്ന ആദിത്യന്‍ എന്നിവരുള്‍പ്പെട്ട കുടുംബമാണ് ദുരിതത്തിലായത്. ഭര്‍ത്താവ് സത്യശീലന്‍ കഴിഞ്ഞവര്‍ഷം മരിച്ചു. പതിനാറ് വര്‍ഷമായി കെ.എസ്.ആര്‍.ടി.സി താല്‍ക്കാലിക ഡ്രൈവര്‍ ആയിരുന്ന സത്യശീലന്‍ ബസ് ഓടിക്കവെ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.ഇതോടെയാണ് കുടുംബം ദുരിതത്തിലായത്. തൊഴിലുറപ്പ് ജോലിക്കു പോയിരുന്നു ലത. വീണുപരുക്കേറ്റത്തിനെത്തുടര്‍ന്ന് ജോലിക്ക് പോകാന്‍ പറ്റാതായി . അറ്റകുറ്റപ്പണിയുടെ അഭാവത്തില്‍ വീടു തകരാന്‍ തുടങ്ങി. ചികില്‍സയ്ക്കായി രണ്ടുലക്ഷംരൂപ വായ്പയെടുത്തിരുന്നു. ഇത് പലിശ അടക്കം വലിയ ബാധ്യതയായതോടെയാണ് വീട് ജപ്തി ഭീഷണിയിലായത്. ബില്‍ കുടിശികയായതോടെ വൈദ്യുതി ബന്ധം വിഛേദിച്ചത് കുട്ടികളുടെ പഠനത്തെ ബാധിച്ചു. ലതയക്ക് ഇതിനിടെ കോവിഡ് ബാധിച്ചിരുന്നു. അയല്‍വാസികളാണ് മരുന്നിനും ഭക്ഷണത്തിനും സഹായിച്ചത്.