Friday, May 10, 2024
indiaNews

രാജ്യത്ത് ഒമിക്രോണിന്റെ പുതിയ വകഭേദം 16 പേരില്‍ സ്ഥിരീകരിച്ചു.

ഭോപ്പാല്‍:രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമായി വര്‍ദ്ധിക്കുന്നതിനിടെ ആശങ്കയായി ഒമിക്രോണിന്റെ പുതിയ വകഭേദം. മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ഒമിക്രോണിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ ബാധിച്ചവരില്‍ നടത്തിയ പരിശോധനയില്‍ 16 പേര്‍ക്ക് പുതിയ വകഭേദം കണ്ടെത്തി. ഇതില്‍ ആറ് പേരും കുട്ടികളാണ്.ജനുവരി ആറു മുതല്‍ നടത്തിയ പരിശോധനകളില്‍ ഒമിക്രോണിന്റെ ഉപവകഭേദമായ ബി എ.2 ബാധിച്ച 16 കേസുകള്‍ കണ്ടെത്തിയതായി ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ചെയര്‍മാന്‍ വിനോദ് ഭണ്ഡാരി അറിയിച്ചു. ഇതില്‍ ആറ് കുട്ടികളില്‍ ഒമിക്രോണിന്റെ പുതിയ വകഭേദമാണ് കണ്ടെത്തിയത്. ഒരാള്‍ നവജാത ശിശുവാണെന്നാണ് റിപ്പോര്‍ട്ട്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തിയാണ് ഇത് കണ്ടെത്തുന്നത്. ഒമിക്രോണിന്റെ മറ്റൊരു വകഭേദമായ ബിഎ.1 ഉം ചിലരില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ പലരും വാക്സിന്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.ഒമിക്രോണിന്റെ വകഭേദങ്ങള്‍ അതിനേക്കാള്‍ അപകടകാരിയാകാന്‍ സാദ്ധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ശ്വാസകോശ സംബന്ധമായ രോഗമുള്ളവരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. രാജ്യത്ത് അതിവേഗത്തില്‍ വ്യാപിക്കുന്ന ഒമിക്രോണിന്റെ പുതിയ വകഭേദങ്ങള്‍ സംബന്ധിച്ച് പഠനങ്ങള്‍ പുരോഗമിക്കുകയാണ്.