Monday, May 6, 2024
keralaNews

രാജ്യം എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതോ ഒരു മതത്തെ ഉയര്‍ത്തിക്കാട്ടുന്നതോ ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലെ പ്രധാനമന്ത്രിയുടെ പങ്കാളിത്തത്തെ മുഖ്യമന്ത്രി വിമര്‍ശിച്ചു. ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ എടുത്തവര്‍ക്ക് എല്ലാവര്‍ക്കും ഒരേ അവകാശം ഉറപ്പ് വരുത്താന്‍ ബാധ്യത ഉണ്ട്. എല്ലാമതങ്ങള്‍ക്കും തുല്യത വാഗ്ദാനം ചെയ്യുന്നതാണ് ഭരണഘടനയെന്നും പിണറായി വിജയന്‍ പറഞ്ഞു.മതനിരപേക്ഷതയാണ് ഭരണഘടന മുന്നോട്ട് വയ്ക്കുന്നത്. മതം വ്യക്തിപരമായ വിഷയമാണ്. ഇപ്പോള്‍ മതവും രാഷ്ട്രവും തമ്മിലുള്ള അതിര്‍വരമ്പ് നേര്‍ത്തുവരുന്നു. ഒരു മത സ്ഥാപനത്തിന്റെ ഉദ്ഘാടനം രാഷ്ട്രത്തിന്റെ പരിപാടിയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റു രാഷ്ട്രത്തെയും മതത്തെയും രണ്ടായി നിര്‍ത്തണമെന്ന് ഉറപ്പിച്ച് പറഞ്ഞിരുന്ന കാര്യം അദ്ദേഹം ഓര്‍മ്മിപ്പിക്കുകയും ചെയ്തു. അയോധ്യയിലേക്ക് ട്രസ്റ്റിന്റെ ക്ഷണം ഉണ്ടായിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. അയോധ്യയിലേക്കുള്ള ക്ഷണം സ്വീകരിക്കാതെ ഭരണഘടന ഉത്തരവാദിത്വം ഉയര്‍ത്തിപ്പിടിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.