Monday, May 6, 2024
Local NewsNews

എരുമേലിയില്‍ ജനകീയ ഹോട്ടല്‍ പഞ്ചായത്ത് പൂട്ടി

അവധിയെന്ന് ബോര്‍ഡ് വച്ചിട്ട് ഹോട്ടല്‍ തുറന്നു

എരുമേലി : ഇന്ന് അവധിയാണെന്ന് ബോര്‍ഡ് വച്ച് അടച്ചതിന് ശേഷം ഹോട്ടല്‍ തുറന്നതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതരെത്തി ഹോട്ടല്‍ വേറെ താഴിട്ട് പൂട്ടി. എരുമേലി ഗ്രാമ പഞ്ചായത്തില്‍ ടൗണില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ ഹോട്ടലാണ് ഇന്ന് രാവിലെ 10.30 ഓടെ പൂട്ടിയത് .ആളില്ലാത്തതിനാല്‍ ഇന്ന്  22/01   അവധി ചോദിച്ചിരുന്നതായും – എന്നാല്‍ അവധി അനുവദിക്കാതെ തന്നെ ഹോട്ടല്‍ നടത്തിപ്പുകാര്‍ ഇന്ന് അടച്ചിടുകയായിരുന്നുവെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി പറഞ്ഞു.

ഹോട്ടല്‍ നടത്തിപ്പുകാരില്‍ ഒരാള്‍ രാവിലെ ജോലിക്കെത്തിയപ്പോഴാണ് ഹോട്ടല്‍ അവധിയാണെന്ന് ബോര്‍ഡ് ശ്രദ്ധയില്‍പ്പെടുന്നത്. എന്നാല്‍ ഹോട്ടല്‍ തുറന്ന് കിടക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിവരം പഞ്ചായത്ത് അറിയുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. എരുമേലിയിലെ ജനകീയ ഹോട്ടലിന്റെ പ്രവര്‍ത്തനത്തിനെതിരെ വ്യാപക പരാതി ലഭിക്കുന്നതായി കാട്ടി സി ഡി എസ് ഹോട്ടല്‍ നടത്തിപ്പുകാര്‍ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെയിലാണ് ഇന്നത്തെ സംഭവം.

പഞ്ചായത്ത് വാടക കൊടുക്കുന്ന ഹോട്ടല്‍ പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ അടച്ചിടുക മാത്രമല്ല , അടച്ച ഹോട്ടല്‍ തുറന്നിട്ടതും വലിയ തെറ്റാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇതേ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, ആരോഗ്യ സ്റ്റാന്‍ന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ലിസി സജി, സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ അമ്പിളി സജീവന്‍, ജൂനിയര്‍ സൂപ്രണ്ട് ബിബിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജനകീയ ഹോട്ടല്‍ പൂട്ടിയത്.

ഹോട്ടല്‍ അടച്ചിട്ട സംഭവം വാര്‍ഡംഗം പോലും അറിഞ്ഞിരുന്നില്ലെന്നും പ്രസിഡന്റ് പറഞ്ഞു .എന്നാല്‍ ആളില്ലാത്തതുകൊണ്ടാണ് ഹോട്ടല്‍ അടച്ചിട്ടതെന്നും, ഒരു സന്നദ്ധ സംഘടനക്ക് ഭക്ഷണം കഴിക്കാന്‍ തുറന്നതാണെന്നും നടത്തിപ്പുകാര്‍ പറയുന്നു. ഇവരില്‍ നിന്നും യാതൊരു വാടകയും വാങ്ങിയിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. മൂന്നര ലക്ഷത്തിലധികം രൂപ മുതല്‍ മുടക്കിയാണ് തങ്ങള്‍ ഹോട്ടല്‍ നടത്തിക്കൊണ്ടു പോകുന്നതെന്നും നടത്തിപ്പുകാര്‍ പറയുന്നു.

അഞ്ച് വനിതകളുടെ ഒരു ഗ്രൂപ്പാണ് ജനകീയ ഹോട്ടല്‍ നടത്തുന്നത്.പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനത്തിന് ശേഷം ഹോട്ടല്‍ തുറന്നാല്‍ മതിയെന്ന് പറഞ്ഞതായും പ്രസിഡന്റ് പറഞ്ഞു . എന്നാല്‍ ഹോട്ടല്‍ നടത്തിപ്പുകാരിലെ അഭിപ്രായ ഭിന്നതയാണ് സംഭവത്തിന് കാരണമെന്നും പറയുന്നു.പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ ചിലവില്‍ ഉച്ച ഭക്ഷണം കഴിക്കുന്നതിനായുള്ള സംസ്ഥാന സര്‍ക്കാരിന്റെ ജനകീയ ഹോട്ടല്‍ പദ്ധതിയുടെ ഭാഗമായാണ് എരുമേലിയിലും ഹോട്ടല്‍ തുടങ്ങിയത് .ജനകീയ ഹോട്ടല്‍ പൂട്ടിയതോടെ നിരവധി പേരാണ് ദുരിതത്തിലായത് .