Saturday, April 20, 2024
educationkeralaNews

മുണ്ടക്കയത്ത് വീണ്ടും കുറുക്കന്റെ ആക്രമണം.

കോട്ടയം:മുണ്ടക്കയത്ത് വീണ്ടും കുറുക്കന്റെ ആക്രമണം. കര്‍ഷകനായ ജോസുകുട്ടിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.രാവിലെയോടെയായിരുന്നു സംഭവം.പരിക്കേറ്റ ജോസുകുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാവിലെ കുരുമുളക് പറിക്കാന്‍ തോട്ടത്തിലേക്ക് പോയതായിരുന്നു അദ്ദേഹം.കുറുക്കന്‍ ജോസുകുട്ടിയുടെ നേര്‍ക്ക് പാഞ്ഞടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കയ്യിലും മുഖത്തുമാണ് പരിക്കേറ്റത്.ബഹളം കേട്ട് ഓടിക്കൂടിയ പ്രദേശവാസികളാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തിന് പിന്നാലെ പ്രദേശവാസികള്‍ നടത്തിയ പരിശോധനയില്‍ സമീപത്ത് നിന്നും കുറുക്കനെ ചത്ത നിലയില്‍ കണ്ടെത്തി. ഈ സാഹചര്യത്തില്‍ കുറുക്കന് പേ വിഷബാധയുണ്ടെന്നാണ് സംശയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ കുറുക്കന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.കഴിഞ്ഞ ആഴ്ച മുണ്ടക്കയത്ത് പഞ്ചായത്ത് അംഗത്തെ കുറുക്കന്‍ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു വീണ്ടും സമാന സംഭവം. അടുത്തിടെയായി പ്രദേശത്ത് കുറുക്കന്റെ ശല്യം വ്യാപകമാകുന്നുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കുറുക്കന്റെ ആക്രമണത്തില്‍ പഞ്ചായത്ത് അംഗത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു.