Monday, May 6, 2024
indiaNewsworld

യോഗ അമൂല്യമാണ്; ഐക്യരാഷ്ട്ര സഭ

ന്യൂയോര്‍ക്ക് : ശരീരത്തെയും മനസിനെയും മാത്രമല്ല, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഒന്നിപ്പിക്കാനും യോഗയ്ക്ക് സാധിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. കൂടുതല്‍ ഐക്യമാര്‍ന്ന ലോകത്തെ കെട്ടിപ്പടുക്കാന്‍ യോഗ പ്രേരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ 21 ന് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കാന്‍ പോകുന്നതിന് മുന്നോടിയായാണ് ഗുട്ടെറസിന്റെ പ്രതികരണം. യോഗ, മനുഷ്യത്വത്തെയും പ്രകൃതിയെയും, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെയും ഒന്നിപ്പിക്കുന്നു. വിഘടിച്ചു കഴിയുന്ന അപകടകരമായ ഈ ലോകത്ത് യോഗയെ പോലെ പഴക്കമുള്ള ഒരു വിദ്യയുടെ ആവശ്യകത വളരെ വലുതാണ്. യോഗ അമൂല്യവും വിലപ്പെട്ടതുമാണെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു. യോഗ ശീലമാക്കുന്നത് വഴി നമ്മുടെ ഉത്കണ്ഠ കുറയുന്നു. മാനസികാരോഗ്യം മെച്ചപ്പെടുന്നു. ഭൂഗോളവുമായി ആഴത്തില്‍ ബന്ധം സ്ഥാപിക്കാന്‍ മനുഷ്യരെ സഹായിക്കുന്നു. അച്ചടക്കവും ക്ഷമയും വളര്‍ത്തിയെടുക്കാന്‍ ഗുണം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനത്തിന്റെ 9-ാമത് പതിപ്പിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നേതൃത്വം നല്‍കുക. 2014ല്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ അംഗീകരിച്ചതിന് ശേഷം 2015 മുതല്‍ എല്ലാവര്‍ഷവും ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിച്ച് വരുന്നു.