Sunday, April 28, 2024
AstrologykeralaNews

ശബരിമലയില്‍ നവഗ്രഹ ക്ഷേത്രം;തറക്കല്ലിട്ടു

പത്തനംതിട്ട: ശബരിമല മാളികപ്പുറത്ത് പുതിയ നവഗ്രഹ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് തറക്കല്ലിട്ടു. മാളികപ്പുറം ക്ഷേത്ര സന്നിധിയില്‍ പുതിയതായി നിര്‍മ്മാണം ആരംഭിക്കുന്ന നവഗ്രഹ ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്. കെ അനന്തഗോപന്‍ നിര്‍വഹിച്ചു.  മാളികപ്പുറം നവഗ്രഹ ക്ഷേത്രങ്ങള്‍ ഒരേ തറ നിരപ്പില്‍ ആയിരുന്നില്ല. ഇവ ഒരേ നിരപ്പില്‍ കൊണ്ടുവരണമെന്നും വടക്ക് കിഴക്ക് സ്ഥാനത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നും ദേവപ്രശ്നത്തില്‍ തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സ്ഥലത്ത് ശ്രീകോവില്‍ നിര്‍മ്മിച്ച് വിഗ്രഹങ്ങള്‍ മാറ്റി പ്രതിഷ്ഠിക്കുന്നത്. ശബരിമല ക്ഷേത്ര തന്ത്രി താഴമണ്‍ മഠം കണ്ഠരര് രാജീവര്, ദേവസ്വം ബോര്‍ഡ് അംഗം ജി സുന്ദരേശന്‍, ചീഫ് എഞ്ചീനിയര്‍ ആര്‍ അജിത് കുമാര്‍, ദേവസ്വം കമ്മീഷണര്‍ ബിഎസ് പ്രകാശ്, ശബരിമല മേല്‍ശാന്തി വി ഹരിഹരന്‍ നമ്പൂതിരി, ദേവസ്വം സ്ഥപതി മനോജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മിഥുനമാസ പൂജകള്‍ക്കായി നട തുറന്നിരുന്ന സമയത്താണ് ചടങ്ങുകള്‍ നടന്നത്. അഞ്ച് ദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കി ജൂണ്‍ 20-ന് രാത്രി 10 മണിയ്ക്ക് ഹരിവരാസനം പാടി തിരുനട അടയ്ക്കും. മഹാഗണപതിഹോമം, നെയ്യഭിഷേകം, ഉഷപൂജ, ഉച്ചപൂജ, ഉദയാസ്തമയപൂജ, 25 കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ മാസ പൂജയുടെ ഭാഗമായി നടന്നു. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തര്‍ക്ക് ദര്‍ശനത്തിനായി അവസരം ലഭിച്ചതിനു പുറമെ നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ സ്പോട്ട് ബുക്കിംഗ് സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. മിഥുന മാസ പൂജകള്‍ പൂര്‍ത്തിയാക്കി അടക്കുന്ന നട കര്‍ക്കിടക മാസപൂജകള്‍ക്കായി ജൂലൈ 16-ന് വൈകുന്നേരം അഞ്ചിന് തുറക്കും. ജൂലൈ 16 മുതല്‍ 21 വരെ ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരം ലഭിക്കും.